തിരുവല്ല : ഹൈക്കോടതി പോലീസ് സംരക്ഷണം നിർദേശിച്ചിരുന്നയാളുടെ വീടും വാഹനങ്ങളും തല്ലിത്തകർത്ത സംഭവത്തിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുൾപ്പടെ പ്രതികൾ ഒളിവിൽ. കുറ്റൂർ പഞ്ചായത്ത് എട്ടാം വാർഡിൽ മുള്ളിപ്പാറയിൽ ചക്കശ്ശേരിയിൽ പി.കെ. സുകുമാരൻെറ വീടും വാഹനങ്ങളും അടിച്ചുതകർത്ത സംഭവത്തിൽ തിരുവല്ല പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ബ്രാഞ്ച് സെക്രട്ടറി സാബു ഉൾപ്പെടെ 15 പ്രതികളാണ് ഒളിവിൽ പോയത്.
27ന് രാത്രി പത്തരയോടെ ആയിരുന്നു സംഭവം. ആക്രമണത്തിൽ തകർന്ന ജനൽചില്ല് തുളഞ്ഞുകയറി സുകുമാരൻെറ ചെറുമകൻ ശ്രാവണിന് പരിക്കേൽക്കുകയും ചെയ്തിരുന്നു. സ്വന്തം വസ്തുവിൽ സുകുമാരൻ മതിൽ നിർമിക്കുന്നതിനെതിരെ പ്രദേശിക സി.പി.എം നേതൃത്വം ഭീഷണിയുമായി രംഗത്തെത്തുകയായിരുന്നു. ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി സുകുമാരൻ ഹൈക്കോടതിയെ സമീപിച്ചു.
ഹൈക്കോടതി ഉത്തരവിൻെറ അടിസ്ഥാനത്തിൽ തിരുവല്ല പോലീസിൻെറ സാന്നിധ്യത്തിൽ കഴിഞ്ഞയാഴ്ച മതിൽകെട്ടി. ഇതിന് പിന്നാലെയാണ് സുകുമാരൻെറ വീടും വാഹനങ്ങളും അടിച്ചുതകർത്തത്. ഒളിവിൽപോയ പ്രതികളുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫാണെന്നും അന്വേഷണം ഊർജിതമാക്കിയതായും ഡിവൈ.എസ്.പി ടി. രാജപ്പൻ പറഞ്ഞു.