തിരുവല്ല : വിദേശത്ത് മരിച്ച ഗൃഹനാഥന്റെ മൃതദേഹം നാട്ടിൽ കൊണ്ടുവന്ന് അന്ത്യവിശ്രമമൊരുക്കാൻ കാത്തിരിക്കുകയാണ് തിരുവല്ലയിലെ ഒരു കുടുംബം. സുമനസ്സുകള്‍ സഹായിച്ചാല്‍ ഒരുപക്ഷെ ഇവരുടെ ആഗ്രഹം സഫലമാകും.
പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗിനിയയിലെ കൊണാക്രിയിൽ മരണമടഞ്ഞ തിരുവല്ല വെൺപാല കൈതമന വീട്ടില്‍ മദൻ മേനോന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള പരിശ്രമത്തിലാണ് കുടുംബം. രാജ്യങ്ങൾ തമ്മിലെ ദൂരവും കോവിഡ് നിയന്ത്രണങ്ങളും കനത്ത സാമ്പത്തിക ചിലവുമാണ് ഇവർക്ക് മുന്നിൽ വിലങ്ങുതടിയായി നിൽക്കുന്നത്. കഴിഞ്ഞ 4ന് ഹൃദയാഘാതം മൂലമാണ് മദൻ മേനോൻ മരിച്ചത്. കോവിഡ് ഇല്ലെന്ന് ഉറപ്പിച്ചതിനാൽ ഇന്ത്യയിലേക്ക് മൃതദേഹം കൊണ്ടുവരുന്നതിന് തടസ്സമില്ല. കാർഗോ ചെലവാണ് മുന്നിലെ വലിയ വെല്ലുവിളി. മദൻ മേനോന്റെ ഭാര്യ ജയശ്രീയ്ക്കും മക്കളായ മഞ്ജുഷയ്ക്കും മോനിഷയ്ക്കും മദൻ മോഹനെ അവസാനമായൊന്ന് കാണാൻ കഴിയുമോ എന്ന ആശങ്കയിലാണ് ഇപ്പോഴും.
10 വർഷത്തോളമായി ഗിനിയയിലാണ് മദൻ. സുഗന്ധ വ്യഞ്ജനങ്ങളുടെ കയറ്റുമതിയുമായി ബന്ധപ്പെട്ട ബിസിനസ് നടത്തുകയായിരുന്നു. 2018 ഒക്ടോബറിലാണ് നാട്ടിൽ വന്ന് മടങ്ങിപ്പോയത്. ഗിനിയയിൽ നിന്ന് ഇന്ത്യയിലേക്ക് നേരിട്ട് വിമാനമില്ല. കാർഗോ വിമാനത്തെ ആശ്രയിക്കേണ്ടിവരും. മൃതശരീരം നാട്ടിലെത്തിക്കാൻ 15 ലക്ഷത്തോളം രൂപ ചെലവാകുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഈ ചിലവ് കുടുംബത്തെ സംബന്ധിച്ച താങ്ങാവുന്നതിലും അപ്പുറമാണ്. എംബസിയും അധികൃതരും കനിഞ്ഞാൽ മാത്രമേ മൃതദേഹം നാട്ടിലെത്തിക്കാനാവൂ എന്നാണ് കുടുംബം പറയുന്നത്. അതിനാൽ അധികൃതരുടെ ഭാഗത്ത് നിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്നുള്ള പ്രതിക്ഷയിലാണ് ഈ കുടുംബം.