തിരുവല്ല : എംസി റോഡിൽ മഴുവങ്ങാട് പഴയ പാലത്തിനോട് ചേർന്നുള്ള പൊതുമരാമത്ത് വക സ്ഥലം സ്വകാര്യ വ്യക്തികൾ കയ്യേറുന്നെന്നു പരാതി. പഴയ പാലം ബലക്ഷയമായതോടെ 100 മീറ്ററോളം നീളവും 10 മീറ്റർ വീതിയുമുള്ള സ്ഥലമാണ് വ്യവസായ ആവശ്യത്തിന് സ്വകാര്യ വ്യക്തികള്‍ കൈവശപ്പെടുത്തിയത്.
സമീപത്തെ പമ്പിലേക്ക് പ്രവേശിക്കാനുള്ള ഭാഗത്ത് പൂട്ടുകട്ട പാകി കയ്യേറ്റവും നടന്നിട്ടുണ്ട്. മഴുവങ്ങാട് പാലത്തിനു മുൻപുള്ള വളവിൽനിന്നു തുടങ്ങുന്ന റോഡ് ബൈപാസ് തുടങ്ങുന്ന സ്ഥലം വരെയുണ്ട്. അതിരുകല്ലുകൾ സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പലയിടങ്ങളിലും പൊതുമരാമത്ത് ചെയ്തിട്ടില്ല. ഇതാണ് കയ്യേറ്റക്കാര്‍ക്ക് സഹായകമായത്. പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ ബോധപൂര്‍വം വീഴ്ച വരുത്തിയതാണെന്നാണ് ആരോപണം. സ്വകാര്യ വ്യക്തികളും വ്യാപാരികളും സര്‍ക്കാര്‍ സ്ഥലം കൈവശപ്പെടുത്തി സ്വന്തം ഭൂമിയോടു ചേർക്കുകയായിരുന്നു. ബൈപാസിന്റെ നിർമാണം പൂർത്തിയാകുമ്പോൾ മഴുവങ്ങാട് തുടങ്ങുന്ന ഭാഗത്ത് ഗതാഗത തിരക്ക് വരാനുള്ള സാധ്യത ഏറെയാണ്. നഗരത്തിൽ നിന്നും ബൈപാസിൽ നിന്നും വരുന്ന വാഹനങ്ങൾ ഒരുമിച്ചെത്തുന്ന ജംഗ്ഷനായി ഇത് മാറും.