തിരുവല്ല : ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ദേശീയ നഗര ഉപജീവന ദൗത്യം (NULM) പ്രകാരം തെരുവോര കച്ചവടക്കാർക്കു പിഎം.സ്വാനിധി വായ്പാ മേള സംഘടിപ്പിക്കുന്നു. ആഗസ്ത് 12 ന് നഗരസഭാ മിനി ഹാളിൽ വെച്ച് രാവിലെ 10.30ന് നഗരസഭാ ചെയർപേഴ്സൺ ശാന്തമ്മ വർഗീസ് വായ്പാ മേള ഉദ്‌ഘാടനം ചെയ്യും.
കോവിഡ് പ്രതിസന്ധി മറികടക്കുന്നതിന് ആത്മ നിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി വഴിയോര കച്ചവടക്കാർക്ക് വായ്പ നൽകുന്നതിനായി കേന്ദ്ര സർക്കാർ ആവിഷ്ക്കരിച്ച പദ്ധതിയാണ് പ്രധാനമന്ത്രി സ്ട്രീറ്റ് വെണ്ടേഴ്സ് ആത്മ നിർഭർ നിധി (പിഎം സ്വാനിധി). നിലവിൽ നഗരസഭാ പരിധിയിൽ കച്ചവടം നടത്തുന്ന വഴിയോര കച്ചവടക്കാർക്ക് വായ്പാ മേളയിൽ പങ്കെടുക്കാവുന്നതാണെന്നു നഗരകച്ചവട സമിതി ചെയർമാൻ ആയ നഗരസഭാ സെക്രട്ടറി അറിയിച്ചു. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി വഴിയോര കച്ചവടക്കാർക്കായി ജില്ലയിൽ സംഘടിപ്പിക്കുന്ന ആദ്യ വായ്പ മേളയാണ് തിരുവല്ലയിൽ നടക്കുന്നത്.
പിഎം സ്വാനിധി പദ്ധതി പ്രകാരം വഴിയോര കച്ചവടക്കാർക്ക് ആദ്യഘട്ടത്തിൽ 10000 രൂപയും രണ്ടാം ഘട്ടത്തിൽ 20000 രൂപയും മൂന്നാം ഘട്ടത്തിൽ 50000 രൂപയും വായ്പയായി അക്കൗണ്ടുള്ള ബാങ്ക് മുഖാന്തിരം വായ്പ ലഭ്യമാക്കുന്നതാണ്. വായ്പ ആവശ്യമുള്ളവർ ആധാർ നമ്പറും മൊബൈൽ നമ്പറും അക്ഷയ കേന്ദ്രങ്ങൾ വഴി ലിങ്ക് ചെയ്യേണ്ടതാണ്. ആദ്യഘട്ട വായ്പ ആവശ്യമുള്ളവർ ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക്, റേഷൻ കാർഡ്, വോട്ടർ ഐഡി കാർഡ്, നഗരസഭയിൽ നിന്നും നൽകിയ തിരിച്ചറിയൽ കാർഡ് എന്നിവയുടെ പകർപ്പ് ഹാജരാക്കേണ്ടതുമാണ്.
രണ്ടാം ഘട്ടത്തിലെയും മൂന്നാം ഘട്ടത്തിലെയും വായ്പ ലഭിക്കുന്നതിനായി ലോൺ അടച്ചു തീർത്തതിന്റെ രേഖയും ആധാർ കാർഡിന്റെ പകർപ്പുമായി മേളയിൽ പങ്കെടുക്കേണ്ടതാണ്. നഗരസഭയുടെ തിരിച്ചറിയൽ കാർഡ് ലഭിക്കാത്തതും സർവേ ലിസ്റ്റിൽ ഉൾപ്പെടുത്താൻ നിലവിൽ അപേക്ഷ സമർപ്പിച്ചവർക്കും ഏതെങ്കിലും അംഗീകൃത വഴിയോര കച്ചവട സംഘടനകളുടെ തിരിച്ചറിയൽ കാർഡ് സഹിതം അപേക്ഷിച്ചാൽ വായ്പ ലഭിക്കുന്നതാണെന്നും നഗരസഭാ സെക്രട്ടറി അറിയിച്ചു. മേളയിൽ പങ്കെടുക്കുന്ന എല്ലാ വഴിയോര കച്ചവടക്കാരും ആധാറുമായി ലിങ്ക് ചെയ്ത നമ്പറുള്ള മൊബൈൽ ഫോൺ കൈവശം കരുതേണ്ടതുമാണ്. അപേക്ഷ സമർപ്പിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി നഗരസഭയിൽ പ്രവർത്തിക്കുന്ന എൻ.യു.എൽ.എം സിറ്റി മിഷൻ മാനേജ്‌മന്റ് യൂണിറ്റുമായി ബന്ധപ്പെടേണ്ടതാണ്. 9544862039.