തിരുവല്ല : തിരുവല്ല മണ്ഡലത്തില്‍ മത്സരിക്കുമെന്ന ഉറച്ച നിലപാടിലാണ് മുന്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫസര്‍ പി.ജെ.കുര്യന്‍. എന്നാല്‍ കോണ്‍ഗ്രസിലെ ബഹുഭൂരിപക്ഷം പ്രവര്‍ത്തകരും ഇതിനോട് ശക്തമായി വിയോജിക്കുകയാണ്. ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടുരോ സജി ചാക്കോയോ ഇവിടെ മത്സരിക്കട്ടെ എന്നാണ് മിക്കവരുടെയും നിലപാട്. തിരുവല്ലയില്‍ നിന്നും നിയമസഭയില്‍ എത്തിയാല്‍ അടുത്ത ബഡ്ജറ്റ് അവതരിപ്പിക്കണമെന്ന മോഹവും പി.ജെ.കുര്യനുണ്ട്.
തിരുവല്ല സീറ്റ് ആര്‍ക്കെന്ന കാര്യത്തില്‍ ഇതുവരെ ധാരണയാകാത്തതും ആശങ്കക്കിടനല്‍കിയിട്ടുണ്ട്. കേരളാ കോണ്‍ഗ്രസിന് റാന്നി സീറ്റ് നല്‍കിക്കൊണ്ട് തിരുവല്ല സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കാനാണ് സാധ്യത. ഇതിന് ഏറ്റവുംകൂടുതല്‍ താല്‍പ്പര്യമെടുക്കുന്നത് പി.ജെ.കുര്യനുമാണ്. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കൂടിയായിരുന്ന സജി ചാക്കോ മത്സരിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. മാര്‍ത്തോമ്മാ സഭാ വിശ്വാസിയും വെണ്ണിക്കുളം സ്വദേശിയാണ് ഇദ്ദേഹം. എന്നാല്‍ അടുത്തനാളില്‍ പാര്‍ട്ടിയില്‍ ഉണ്ടായ പല വിവാദങ്ങളിലും സജി ചാക്കോയുടെ പേരുണ്ടായിരുന്നു. ഇത് തെരഞ്ഞെടുപ്പില്‍ പ്രതികൂലമാകുമോ എന്ന ആശങ്കയും നിലവിലുണ്ട്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടുര്‍ പൊതുവേ എല്ലാവര്‍ക്കും സ്വീകാര്യനാണെന്ന് യു.ഡി.എഫിലെ ഘടകകക്ഷികള്‍പോലും പറയുന്നു. ഇരവിപേരൂര്‍ സ്വദേശിയാണ്. മണ്ഡലത്തില്‍ മേല്‍ക്കോയ്മയുള്ള മാര്‍ത്തോമ്മ സഭാ വിശ്വാസികൂടിയാണ് ഇദ്ദേഹം. സഭയുമായി അടുത്തബന്ധവും ജോര്‍ജ്ജ് മാമ്മനുണ്ട്. ആരോപണങ്ങളിലും വിവാദങ്ങളിലും പെടാത്ത ഒരാളെന്ന നിലയില്‍ ഇദ്ദേഹത്തിന് മുന്തിയ പരിഗണന ലഭിച്ചേക്കാം.