തിരുവല്ല: പെരിങ്ങര പഞ്ചായത്തിൽ തെരുവുനായ് ശല്യം രൂക്ഷം. പഞ്ചായത്തിലെ പെരിങ്ങര-ചാത്തങ്കരി, പെരിങ്ങര-സ്വാമി പാലം, മൂവിടത്ത്പടി-കാരയ്ക്കൽ, ചാത്തങ്കരി-മേപ്രാൽ റോഡുകളിലാണ് തെരുവുനായ്ക്കളുടെ ശല്യം വർധിച്ചത്.
റോഡിൻെറ ചിലയിടങ്ങളിൽ തമ്പടിക്കുന്ന നായ്ക്കൾ കാൽനടക്കാരായ കുട്ടികളെയും സ്ത്രീകളെയും ആക്രമിക്കുന്നത് ഭീതി പരത്തുന്നു. ഇരുചക്രവാഹനങ്ങൾക്കുനേരെ കുരച്ചുചാടുന്നത് അപകടത്തിനിടയാക്കുന്നു. കുരച്ചുചാടുന്ന നായ്ക്കളെ കണ്ട് ഭയന്ന് നിയന്ത്രണംവിട്ട് മറിഞ്ഞ് ഇരുചക്രവാഹന യാത്രികർക്ക് പരിക്കേറ്റ സംഭവമുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്ന പദ്ധതി പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിൻെറ നേതൃത്വത്തിൽ ആരംഭിച്ചതായും ഇതിൻെറ പ്രവർത്തനം ശക്തിപ്പെടുത്തുമെന്നും പ്രസിഡൻറ് മിനിമോൾ ജോസ് പറഞ്ഞു.