തിരുവല്ല : കൊടൈക്കനാലിൽ വെച്ച് നഷ്ടമായ ഫോൺ അരമണിക്കൂറിനുള്ളിൽ കണ്ടെത്തി നൽകി കേരള പോലീസ്. തിരുവനന്തപുരം സ്വദേശിക്ക് നഷ്ടപ്പെട്ട ഫോൺ അരമണിക്കൂറിന് ഉള്ളിൽ കണ്ടെത്തി നൽകിയത് തിരുവല്ലയിലെ പോലീസ് ഉദ്യോഗസ്ഥരാണ്. വിനോദയാത്ര പോയ തിരുവനന്തപുരം സ്വദേശി വിമലിന്റെ മൊബൈൽ ഫോണാണ് ഇന്നലെ രാത്രി കൊടൈക്കനാലിൽ വെച്ച് നഷ്ടപ്പെട്ടത്. ഫോണിനായി അന്വേഷണം തുടങ്ങിയ യുവാവ് ഫൈൻഡ് മൈ ഡിവൈസ് സംവിധാനം (find my device) ഉപയോഗിച്ച് ഫോൺ ചങ്ങനാശ്ശേരി ഭാഗത്തുണ്ടെന്ന് മനസിലാക്കി. ഇതിന് പിന്നാലെയാണ് ചങ്ങനാശ്ശേരിയിൽ നിന്ന് ഫോൺ കണ്ടെത്താൻ പോലീസ് സഹായം തേടിയത്. വിനോദയാത്രയ്ക്ക് പിന്നാലെ തിരുവനന്തപുരത്തേക്ക് മടങ്ങുമ്പോഴാണ് ഫോണിന്റെ ലൊക്കേഷൻ യുവാവിന് ലഭിക്കുന്നത്. തൊട്ടടുത്ത പോലീസ് സ്റ്റേഷൻ എന്ന നിലയിലായിരുന്നു യുവാവ് തിരുവല്ല പൊലീസ് സ്റ്റേഷനിലെത്തിയത്.
പുലർച്ചെയാണ് ഫോൺ കണ്ടെത്താൻ തിരുവല്ല പോലീസിന്റെ സഹായം തേടി യുവാവ് എത്തിയത്. ഫോണിൽ ചാർജ് നന്നേ കുറവാണെന്ന് മനസിലാക്കിയ തിരുവല്ല പോലീസ് സ്വന്തം സ്റ്റേഷൻ പരിധി അല്ലെങ്കിലും ചങ്ങനാശ്ശേരിക്ക് കുതിച്ചു. ലൊക്കേഷനിൽ നിന്ന് ഫോൺ കണ്ടെത്തുകയും ചെയ്യുകയായിരുന്നു. ചങ്ങനാശ്ശേരിയിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശിയുടെ കയ്യിൽ നിന്നാണ് ഫോൺ കണ്ടെത്തിയത്. കൊടൈക്കനാലിൽ ഇതേ ദിവസം ടൂർ പോയിരുന്ന ഈ യുവാവ്അവിടെവെച്ച് കളഞ്ഞു കിട്ടിയ ഫോൺ ചങ്ങനാശ്ശേരിക്ക് കൊണ്ടുവരികയായിരുന്നു.