തിരുവല്ല: തിരുവല്ല സ്വകാര്യ ബസ്റ്റാൻഡ് ശോചനീയാവസ്ഥയിൽ. പൊട്ടി പൊളിഞ്ഞ് കുണ്ടും കുഴിയും നിറഞ്ഞ ബസ് സ്റ്റാൻഡിന് നാളുകൾ പിന്നിട്ടിട്ടും അധികൃതരുടെ അവഗണന. പ്രതിദിനം നിരവധി സ്വകാര്യ ബസുകൾ കയറിയിറങ്ങി പോകുന്ന സ്റ്റാൻഡിനാണ് ഈ ദുർഗതി. മഴ പെയ്താൽ ചെളിവെള്ളവും മാലിന്യവും കെട്ടിക്കിടക്കുന്ന പരിസരത്ത് നിൽക്കാൻ പോലും യാത്രക്കാർ മടിക്കുന്നു. നഗരസഭ എല്ലാ വർഷവും ബജറ്റിൽ ഉൾപ്പെടുത്തുന്നുണ്ടെങ്കിലും ഇതുവരെ കാര്യമായ പണികൾ നടന്നിട്ടില്ല.
തിരുവല്ല സ്വകാര്യ ബസ് സ്റ്റഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം വേണമെന്ന് വിജിലൻസ് കൗൺസിൽ ആവശ്യപ്പെട്ടു. വൈ എം.സി.എ റോഡു മുതൽ വഴിവിളക്ക് കത്തുന്നില്ല. രാത്രിയായാൽ സ്റ്റാൻഡിൽ സാമൂഹിക വിരുദ്ധരുടെ ശല്യമാണ്. ശുചി മുറി സൗകര്യങ്ങളില്ല. പരിസരം കാടുകയറിയ നിലയിലാണ്. ഈ പ്രശ്നങ്ങൾക്ക് എത്രയും വേഗം പരിഹാരം കണ്ടെത്തണമെന്ന് വിജിലൻസ് കൗൺസിൽ എക്സിക്യൂട്ടീവ് മെമ്പർ കുര്യൻ ചെറിയാൻ ആവശ്യപ്പെട്ടു.