തിരുവല്ല : തിരുവല്ല പബ്ലിക് സ്റ്റേഡിയം അവഗണനയുടെ പടുകുഴിയിൽ. ഒട്ടേറെ കായികതാരങ്ങളെ വളർത്തിയെടുത്ത തിരുവല്ല നഗരസഭയുടെ പബ്ലിക് സ്റ്റേഡിയമാണ് ഉയിർത്തെഴുനേൽപ്പ് കാത്തിരിക്കുന്നത്. നഗരമദ്ധ്യത്തിലായി പത്തേക്കറോളം വിസ്തൃതിയുള്ള സ്റ്റേഡിയമാകെ പുല്ലും കാടും വളർന്ന് നാശോന്മുഖമായി. വെള്ളക്കെട്ട് കാരണം ട്രാക്കുകൾ ഉപയോഗിക്കാൻ കഴിയാത്തവിധമായി. വിവിധ അസോസിയേഷനുകൾ കുട്ടികൾക്കായി നടത്തിയിരുന്ന പരിശീലനങ്ങളും ഇപ്പോളില്ല. വ്യക്തിഗത പരിശീലനങ്ങൾക്കും സ്റ്റേഡിയം ഉപയോഗിക്കാനാകാതെ മറ്റിടങ്ങൾ തേടി അലയുകയാണ് കായിക വിദ്യാർത്ഥികൾ.
സ്റ്റേഡിയത്തിന്റെ പവിലിയനിലും കാര്യമായ സൗകര്യമില്ല. ജേഴ്സി അണിയാൻ പോലും പവലിയനിൽ പരിമിതമായ സൗകര്യങ്ങളേയുള്ളൂ. ടോയ്ലറ്റുകളും വേണ്ടത്രയില്ല. ഏറെ പ്രതീക്ഷയോടെ 1986 കാലഘട്ടത്തിൽ കുട്ടികൾ ഉൾപ്പെടെ പിരിവെടുത്ത് സ്വരൂപിച്ച പണംകൊണ്ട് നിർമ്മിച്ച സ്റ്റേഡിയമാണിത്. ജില്ലയിൽ സാങ്കേതിക നിലവാരത്തിൽ നിർമ്മിച്ച ആദ്യത്തെ സ്റ്റേഡിയവും ഇതായിരുന്നു. 1992ൽ രഞ്ജി ട്രോഫി അടക്കമുള്ള ഒട്ടേറെ ക്രിക്കറ്റ് മത്സരങ്ങൾക്കും ഫുട്ബാൾ ടൂർണമെന്റുകൾക്കും സംസ്ഥാന സ്‌കൂൾ കായികമേളയ്ക്കും വേദിയായി സ്റ്റേഡിയം.