തിരുവല്ല : മല്ലപ്പള്ളി- പുല്ലാട് റോഡ് നവീകരിക്കുന്നതിനോപ്പം റോഡിലെ വേഗത കുറയ്ക്കാന്‍ വേണ്ടിയുള്ള നടപടികളും അധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്ന ആവശ്യവും ശക്തമാകുന്നു. ഒരാഴ്ചയ്ക്കുള്ളിൽ 2 അപകടങ്ങളാണ് കീഴ്‌വായ്പൂര് സ്റ്റോർമുക്കിനു സമീപമുണ്ടായത്. കഴിഞ്ഞദിവസം രാത്രി കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു. അപകടത്തിൽ യാത്രക്കാർക്ക് കാര്യമായി പരിക്കേറ്റില്ലെങ്കിലും വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.
ദിവസങ്ങൾക്കു മുൻപു നിയന്ത്രണംവിട്ട കാർ മതിലിലിടിച്ചാണ് നിന്നത്. റോഡ് ബിഎം ആൻഡ് ബിസി നിലവാരത്തിൽ നിർമിക്കുന്നതെങ്കിലും വീതി വർധിപ്പിക്കാതെ ചെയ്യുന്നതുമൂലം അപകടമുണ്ടാകാനുള്ള സാധ്യതയേറെയാണ്. വേഗം നിയന്ത്രിക്കാൻ നടപടിയുണ്ടായില്ലെങ്കിൽ അപകടം തുടർക്കഥയാകുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.