ഇരവിപേരൂർ : ടികെ റോഡ് പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് 20 കോടിയുടെ രണ്ട് പ്രവൃത്തികൾകൂടി ടെൻഡറായതായി പൊതുമരാമത്ത് ജില്ലാ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനീയർ എം.ജി. മുരുകേശ് കുമാർ. കോഴഞ്ചേരി മുതൽ പത്തനംതിട്ട സെയ്ന്റ് പീറ്റേഴ്‌സ് ജംഗ്ഷന്‍ വരെയാണ് അതിലൊന്ന്. പത്തുകോടിയുടെ പണിയാണിത്. രണ്ടാമത്തേത് കുമ്പഴമുതൽ സെയ്ന്റ് പീറ്റേഴ്‌സ് വരെയും. രണ്ടിനുംകൂടി 10 കോടിരൂപ വീതമാണ് അനുവദിച്ചിട്ടുള്ളത്. തിരുവല്ല മുതൽ കോഴഞ്ചേരി വരെയുള്ള ഭാഗത്തെ പണികൾ തുടങ്ങി.
12 കോടി രൂപയുടെ പണിയാണ്. ഇതിൽ തിരുവല്ല മഞ്ഞാടിയിൽ കലുങ്കിന്റെ പണി നടക്കുകയാണ്. ഇരവിപേരൂർ പൊയ്കയിൽപ്പടിക്കുസമീപം പഴയ കലുങ്ക് പൊളിച്ച് മറ്റൊന്ന് പണിയുന്നുണ്ട്. അതിനുവേണ്ടി പാതയുടെ വടക്കുവശത്ത് കുഴിക്കുന്ന പ്രവൃത്തികൾ തുടങ്ങി. നിലവിൽ ഒരുവശത്തുകൂടിയാണ് ഇതുവഴി ഗതാഗതം. മഞ്ഞാടിയിലെ പണികൾ തീരാൻ രണ്ടാഴ്ചയിൽ കുറയാതെ സമയമെടുക്കും. വള്ളംകുളം പാലംമുതൽ കോഴഞ്ചേരിവരെ അനുവദിച്ചത് 7.2 കോടി രൂപയാണ്. കുമ്പനാട് കല്ലുമാലിപാലം മുതൽ കോഴഞ്ചേരി ഭാഗത്തേക്കുള്ള പൈപ്പുലൈനുകൾ മാറ്റിയിടുന്ന ജോലികൾ നടക്കുകയാണ്. ഇതൊന്ന് പൂർത്തിയാകാൻ രണ്ടുമാസത്തിന് മുകളിലെടുക്കും. അതുകഴിഞ്ഞ് പാതയുടെ ലെവലെടുത്ത് ടാറിങ്ങിന് വേണ്ടുന്ന തുടർനടപടികൾ സ്വീകരിക്കാൻ കഴിയുമെന്ന് പൊതുമരാമത്ത് അധികൃതർ അറിയിച്ചു. കനത്തമഴയിൽ വഴിയാകെ പൊളിഞ്ഞുകിടക്കുന്നു. അതിനാൽ ബിഎം ഉപയോഗിച്ച് കുഴികളടച്ച് ബിസി ടാറിങ്ങാണ് നടത്തുക.