തിരുവല്ല: കാലം തെറ്റിയ മഴയില്‍ പെരിങ്ങര പഞ്ചായത്തിലെ വേങ്ങൽ പാടശേഖരത്തില്‍ ഹെക്ടര്‍ കണക്കിന് നെല്‍കൃഷി വെള്ളത്തിലായി. കൃഷിയിടത്തില്‍ വെള്ളം കയറിയതോടെ കര്‍ഷകര്‍ ആശങ്കയില്‍. തുലാംവർഷത്തോടനുബന്ധിച്ച് കഴിഞ്ഞദിവസം പെയ്ത ശക്തമായ മഴയാണ് കർഷകർക്കു വിനയായത്.
പെരിങ്ങര പഞ്ചായത്ത് ആറാം വാര്‍ഡില്‍ വേങ്ങല്‍ ആലംതുരുത്തിയില്‍ 150 ഏക്കറോളം വരുന്ന പെരുംതുരുത്തി തെക്ക്, കൈപ്പുഴ കിഴക്ക് പാടശേഖരങ്ങളിലെ നെല്പാടത്താണ് വെള്ളം കയറിയത്. കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ നീരൊഴുക്ക് ക്രമാതീതമായി വര്‍ധിച്ചതോടെയാണ് തോടുകളിലൂടെയും വാച്ചാലികളിലൂടെയും പാടശേഖരത്തിലേക്ക് വെള്ളം കയറിയത്. കഴിഞ്ഞ പ്രളയത്തില്‍ പാടശേഖരത്തില്‍ വെള്ളം കയറിയിരുന്നു. കയറിയ വെള്ളം വറ്റിക്കാനുള്ള നടപടികളും ആരംഭിച്ചു കഴിഞ്ഞു. പാടശേഖരങ്ങളിലേക്ക് ജലം എത്തിയിരുന്ന ചന്തത്തോടിന്റെ ഭാഗമായ മാര്‍ക്കറ്റ് കനാല്‍, മണ്ണും മാലിന്യങ്ങളും അടിഞ്ഞുകൂടി കാടുകയറി നീരൊഴുക്ക് നിലച്ചതാണ് കൃഷിക്ക് തിരിച്ചടിയായത്.
പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തിരുവല്ല ചന്തക്കടവില്‍ നിന്ന് ആലപ്പുഴയിലേക്ക് സാധന സാമഗ്രികള്‍ എത്തിച്ചിരുന്ന തോടാണിത്. 20 വര്‍ഷം മുമ്പു വരെ വളളവും ചെറുബോട്ടുകളും ഈ തോട്ടിലൂടെ കടന്നുപോയിരുന്നു. എന്നാല്‍ സംരക്ഷണവും പുനരുജ്ജീവന പദ്ധതികളും ഇല്ലാതായതോടെ തോടിന്റെ ശനിദശ തുടങ്ങി. 2018ലെ മഹാപ്രളയത്തെ തുടര്‍ന്ന് മണ്ണും മാലിന്യങ്ങളും അടിഞ്ഞുകൂടിയതോടെയാണ് തോട്ടിലെ നീരൊഴുക്ക് പൂര്‍ണമായും നിലച്ചത്.
നീരൊഴുക്ക് നിലച്ചത് കഴിഞ്ഞ രണ്ട് വര്‍ഷമായി കൃഷിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഉറവാരത്തില്‍ പടി പാലം വരെയുള്ള ഭാഗം നിലവില്‍ വെള്ളമെത്തുന്നുണ്ട്. ഉറവാരത്തില്‍ പടി മുതല്‍ ഇടിഞ്ഞില്ലം പാലം വരെയുള്ള രണ്ട് കിലോമീറ്റര്‍ ഭാഗമാണ് നീരൊഴുക്ക് നിലച്ചതാണ്. വേനല്‍ സമയമായാല്‍ തൊഴിലാളികളെ ഉപയോഗിച്ച് നീരൊഴുക്കുള്ള ഭാഗം മുതല്‍ മോട്ടോര്‍ തറയിലേക്ക് ചാല് നിര്‍മിച്ച് വെള്ളം എത്തിക്കാനുള്ള ശ്രമം നടത്താറുണ്ട്. ഇത്തവണ അതും ഉണ്ടായിട്ടില്ലെന്ന് കർഷകർ പറയുന്നു.