തിരുവനന്തപുരം : തിരുവല്ലം കസ്റ്റഡി മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിട്ടു. അന്വേഷണം സിബിഐക്ക് കൈമാറിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടു. ബന്ധുക്കളുടെ പരാതി കണക്കിലെടുത്താണ് അന്വേഷണം സിബിഐക്ക് കൈമാറിയത്. മരണകാരണം ഹൃദയാഘാതമാണെങ്കിലും സുരേഷിന്റെ ശരീരത്തിലേറ്റ ചതവുകള്‍ ഹൃദയാഘാതത്തിന് കാരണമായേക്കാമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ശരീരത്തില്‍ 12 ചതവുകള്‍ ഉണ്ടായിരുന്നതായാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. ഈ പരിക്കുകള്‍ ഹൃദയാഘാതത്തിന് കാരണമായോ എന്നതാണ് ഡോക്ടര്‍മാര്‍ ഉന്നയിക്കുന്ന സംശയം.
തിരുവല്ലം ജഡ്ജിക്കുന്നില്‍ സ്ഥലം കാണാനെത്തിയ ദമ്പതികളെ സദാചാര പോലീസ് ചമഞ്ഞ് ആക്രമിച്ച കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ജഡ്ജിക്കുന്നില്‍ ദമ്പതികളുമായി ഉണ്ടായ മല്‍പ്പിടുത്തമാണോ പോലീസില്‍ നിന്നേറ്റ മര്‍ദ്ദനമാണോ ഇയാളുടെ ശരീരത്തേറ്റ ചതവുകള്‍ക്ക് കാരണമായതെന്ന കാര്യത്തിലും അന്വേഷണം നടത്തും. ഇയാള്‍ക്കൊപ്പം മറ്റ് നാല് പേരെ കൂടി പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കസ്റ്റഡിയില്‍ മര്‍ദിച്ചിട്ടില്ലെന്നാണ് ഇവര്‍ മജിസ്ട്രേറ്റിന് മുന്നില്‍ മൊഴി നല്‍കിയത്. എന്നാല്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യവേ ഇവര്‍ മൊഴി മാറ്റി. കസ്റ്റിഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കയറ്റവേ പോലീസ് മര്‍ദിച്ചുവെന്നാണ് ഇവര്‍ ഇപ്പോള്‍ നല്‍കിയ മൊഴി.