തിരുവനന്തപുരം: തിരുവനന്തപുരത്ത് കൂട്ടക്കൊലപാതകത്തിലെ പ്രതി അഫാനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂട്ടക്കൊലപാതകം നടത്തിയശേഷം എലിവിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചെന്ന് പ്രതി പോലീസിന് മൊഴി നൽകിയതിനെ തുടര്‍ന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൈകിട്ട് എഴുമണിയോടെയാണ് പ്രതി വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ഇന്ന് രാവിലെ മുതൽ തുടങ്ങിയ കൊലപാതക പരമ്പരയാണ് തലസ്ഥാനത്ത് അരങ്ങേറിയതെന്ന് പോലീസ് പറഞ്ഞു. രാവിലെ 9 മണിക്കും വൈകിട്ട് ആറിനുമിടയിലാണ് കൊലപാതകങ്ങള്‍ നടന്നതെന്ന് പോലീസ് പറഞ്ഞു. കൂട്ട ആത്മഹത്യയെക്കുറിച്ച് ആലോചിച്ചിരുന്നുവെന്നും പ്രതി മൊഴി നൽകിയിട്ടുണ്ട്. കട ബാധ്യത താങ്ങാൻ കഴിയാതെ രണ്ടു ദിവസം മുമ്പ് ഇതിനായി ശ്രമിച്ചുവെന്നും പ്രതി മൊഴി നൽകിയിട്ടുണ്ട്. കൂട്ടക്കൊല സംബന്ധിച്ച് വൈകിട്ട് ഏഴുമണിയോടെയാണ് പോലീസിന് വിവരം ലഭിക്കുന്നത്. പ്രതിയുടെ മൊഴിയിൽ വൈരുധ്യമുണ്ട്. കൊലപാതകത്തിൽ അടിമുടി ദുരൂഹത തുടരുകയാണ്.
എലി വിഷം കഴിച്ചെന്ന് പറഞ്ഞതിനാലാണ് പ്രതിയെ ആശുപത്രിയിലേക്ക് കൊണ്ടുവന്നതെന്നും പരിശോധന നടന്നുകൊണ്ടിരിക്കുകയാണെന്നും പോലീസ് പറഞ്ഞു. ആശുപത്രിയിൽ ചികിത്സയുമായി പ്രതി സഹകരിക്കുന്നില്ല. വയറുകഴുകാൻ ഉള്‍പ്പെടെ പ്രതി വിസമ്മതിച്ചു. പ്രതിയുടെ അനുജനെയും പിതാവിന്‍റെ മാതാവിനെയും പെണ്‍സുഹൃത്തിനെയും ബന്ധുക്കളെയുമടക്കം അഞ്ചുപേരെയാണ് 23കാരനായ അഫാൻ കൊലപ്പെടുത്തിയത്. ചുറ്റികകൊണ്ട് അടിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതിയുടെ മൊഴി. പാങ്ങോട്ടെ വീട്ടിൽ വെച്ച് പ്രതിയുടെ പിതാവിന്‍റെ ഉമ്മ സൽമാബീവിയെയും വെഞ്ഞാറമൂട് പേരുമലയിലെ വീട്ടിൽ വെച്ച് പ്രതിയുടെ പെണ്‍സുഹൃത്ത് ഫര്‍സാനയെയും അനുജൻ ഒമ്പതാം ക്ലാസുകാരനായ അഹസാനെയുമാണ് വെട്ടിക്കൊലപ്പെടുത്തിയത്. ഇവിടെ വെച്ചാണ് പ്രതിയുടെ മാതാവ് ഷെമിക്ക് വെട്ടേറ്റത്. ഇവര്‍ മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഷെമിയെ വെന്‍റിലേറ്ററിലേക്ക് മാറ്റിയിട്ടുണ്ട്. തിരുവനന്തപുരം എസ്എൻ പുരം കൂനൻവേങ്ങ ആലമുക്കിലെ വീട്ടിൽ വെച്ച് പ്രതിയുടെ പിതാവിന്‍റെ സഹോദരൻ ലത്തീഫ്, ഇദ്ദേഹത്തിന്‍റെ ഭാര്യ ഷാഹിദ എന്നിവരെയും കൊലപ്പെടുത്തി. കൊല്ലപ്പെട്ട ലത്തീഫ് റിട്ട. സിആര്‍പിഎഫ് ഉദ്യോഗസ്ഥനാണ്.