തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്റ് എം.രാധാകൃഷ്ണന് നേരെ വധഭീഷണിയെന്ന് പരാതി. പി.വി.അന്‍വര്‍ എം.എല്‍.എയ്‌ക്കെതിരെയാണ് പ്രസ് ക്ലബ് ഭാരവാഹികള്‍ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. മാധ്യമ സ്വാതന്ത്ര്യം ഹനിക്കുന്ന പോലീസ് നടപടികള്‍ക്കെതിരെ പ്രസ് ക്ലബ് വാര്‍ത്താകുറിപ്പ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് വധഭീഷണി ഉണ്ടായത്. ഫോണിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു. കഴിഞ്ഞദിവസം മറുനാടന്‍ മലയാളിയിലെ പോലീസ് അതിക്രമങ്ങള്‍ക്കെതിരെയും സ്ത്രീകള്‍ അടക്കമുള്ള മാധ്യമപ്രവര്‍ത്തകരുടെ വീടുകയറി അനധികൃതമായി പരിശോധന നടത്തുന്നതിനെതിരെയും തിരുവനന്തപുരം പ്രസ് ക്ലബ് പ്രതിഷേധക്കുറിപ്പ് ഇറക്കിയിരുന്നു. ആ കുറിപ്പിലെ ചില പരാമര്‍ശങ്ങള്‍ പി.വി. അന്‍വര്‍ എംഎല്‍എയ്ക്ക് എതിരെയാണെന്നാരോപിച്ചാണ് പ്രസ് ക്ലബ് പ്രസിഡന്റ് എം.രാധാകൃഷ്ണന്റെ നമ്പറിലേക്ക് നേരിട്ട് വിളിച്ചും സന്ദേശമയച്ചും സമൂഹമാധ്യമങ്ങളിലും നിരന്തരം ഭീഷണിപ്പെടുത്തുന്നത്.
‘ അന്‍വറാരെന്ന് നീയറിയും. മാധ്യമപ്രവര്‍ത്തകരുടെ നട്ടെല്ല് പറിക്കും. പ്രസ് ക്ലബ് പ്രസിഡന്റായ നിന്നെ ഉടന്‍ തീര്‍ക്കും. അന്‍വറിന്റെ ടീം ഉടനേ നിന്നെ കാണുന്നുണ്ട്. നിന്റെ വിവരം എടുത്ത് ബുക്ക് ചെയ്തിട്ടുണ്ട്. നീ അധികം നാള്‍ കാണില്ല. നിന്നെ തീര്‍ത്തു കളയും’, ഇങ്ങനെയൊക്കെയാണ് സന്ദേശം അയച്ചത്. തെളിവുകള്‍ സഹിതമാണ് പരാതി നല്‍കിയതെന്നും അടിയന്തര ഇടപെടലും അന്വേഷണവും നടത്തി എം. രാധാകൃഷ്ണന്റെ ജീവന് സംരക്ഷണം ഉറപ്പാക്കണമെന്നും അന്‍വറിന്റെ പേരില്‍ നിയമനടപടി സ്വീകരിക്കണമെന്നും പ്രസ് ക്ലബ് സെക്രട്ടറി കെ.എന്‍.സാനുവും ട്രഷറര്‍ എച്ച്. ഹണിയും ആവശ്യപ്പെട്ടു.