തിരുവനന്തപുരം : കൊറോണ രോഗവ്യാപനത്തില്‍ തലസ്ഥാനത്ത് ആശങ്ക തുടരുന്നു. ജീവനക്കാരന് രോഗം സ്ഥിരീകരിച്ച വിക്രം സാരാഭായി സ്പേസ് സെന്റര്‍ അടച്ചിടില്ലെന്ന് അധികൃതര്‍ അറിയിച്ചു. അണുവിമുക്തമാക്കി മറ്റ് നടപടികള്‍ സ്വീകരിച്ചാല്‍ മതിയെന്നാണ് തീരുമാനം. അതേസമയം തലസ്ഥാനജില്ലയില്‍ സമൂഹവ്യാപനം ഇല്ലെന്നും സ്ഥിതി നിയന്ത്രണാതീതമെന്നും മേയര്‍ കെ ശ്രീകുമാര്‍ വ്യക്തമാക്കി.
സമ്പര്‍ക്കത്തിലൂടെ രോഗബാധിതരുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തില്‍ തലസ്ഥാനത്ത് ജാഗ്രത തുടരുകയാണ്. കഴിഞ്ഞ ദിവസം സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരുള്‍പ്പടെ 16 പേരുടെ രോഗ ഉറവിടം കണ്ടെത്താന്‍ ആരോഗ്യവകുപ്പിന് കഴിഞ്ഞിട്ടില്ല. ഇതും ആശങ്ക വര്‍ദ്ധിപ്പിക്കുകയാണ്. ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ 13 ജീവനക്കാരെയാണ് നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചത്. രോഗിയുമായി അടുത്ത് ഇടപഴകിയ ജീവനക്കാരോടാണ് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിച്ചത്. വേളിയിലെ പ്രധാന കവാടവും ലാബുകളും എസി വിഭാഗങ്ങളും അണുവിമുക്തമാക്കും. രോഗം സ്ഥിരീകരിച്ച ജീവനക്കാരന്‍ ജൂണ്‍ 15ന് ശേഷം വിഎസ്‌എസ് സിയില്‍ എത്തിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം തലസ്ഥാനത്തെ കണ്ടെയിന്‍മെന്റ് സോണുകള്‍ ഉള്‍പ്പടെയുള്ള പ്രദേശങ്ങള്‍ നഗരസഭ അണുവിമുക്തമാക്കി. കൊറോണ രോഗബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് നഗരത്തിലെ വിവിധ മേഖലകള്‍ അണുവിമുക്തമാക്കിയത്. തലസ്ഥാനത്ത് സമൂഹവ്യാപന സാധ്യത ഇല്ലെന്നും നഗരം അടച്ചിടേണ്ട സാഹചര്യമില്ലെന്നും മേയര്‍ കെ. ശ്രീകുമാര്‍ പറഞ്ഞു. സമ്പര്‍ക്കം മൂലമുള്ള രോഗവ്യാപനം ഗൗരവമുള്ളതാണ്. മണക്കാട് രോഗം സ്ഥിരീകരിച്ചവരുടെ റൂട്ട് മാപ്പ് വന്ന ശേഷം കൂടുതല്‍ ക്രമീകരണം ഏര്‍പ്പെടുത്തുമെന്നും മേയര്‍ വ്യക്തമാക്കി.
വരും ദിവസങ്ങള്‍ തലസ്ഥാന ജില്ലക്ക് നിര്‍ണ്ണായകമാണ്. വ്യാപാരസ്ഥാപനങ്ങള്‍ അടച്ചിട്ടും, ആള്‍ക്കൂട്ടമൊഴിവാക്കിയും തിരുവനന്തപുരത്ത് ഇനിയുള്ള ദിവസങ്ങളിലും നിയന്ത്രണം തുടരും.