ചെങ്ങന്നൂർ : മകന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പരാതിയുമായി മാതാവ്. തിരുവൻവണ്ടുർ കോലടത്തുശേരിമുറിയിൽ തറയിൽ വീട്ടിൽ രാധയാണ് പരാതിക്കാരി . രാധയുടെ ഏകമകൻ അഖിൽ ജിത്ത് (അപ്പു – 16) 2018 ഡിസംബർ ഒന്നിനാണ് വീടിനു സമീപമുള്ള ആൾത്താമസമില്ലാത്ത മറ്റൊരു വീടിന്റെ പടിപ്പുരയുടെ കൂരയിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.
വിവരം അറിഞ്ഞെത്തിയ മാതാവ് രാധയും നാട്ടുകാരും ബഹളം വെച്ചതിനെത്തുടർന്ന് ചെങ്ങന്നൂരിൽ നിന്നും പോലീസെത്തി രാത്രി ഒരു മണിയോടെതന്നെ മൃതദേഹം അഴിച്ചുമാറ്റി സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കുകയായിരുന്നു. പിറ്റേന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പോസ്റ്റുമോർട്ടം നടന്നത്. മരണത്തിൽ ഒരുപാട് ദുരൂഹതകൾ ഉള്ളതായും ഉന്നതർക്ക് പരാതി നൽകിയിട്ടും നീതി ലഭിക്കുന്നില്ലെന്നും മാതാവ് രാധ ആരോപിച്ചു.
സൽസ്വഭാവിയായിരുന്ന തന്റെ മകന് നാട്ടിൽ ശത്രുക്കൾ ഇല്ലായിരുന്നു. തൂങ്ങി നിന്ന മകന്റെ മൃതദേഹം ഒരു കാലിന്റെ പുറത്ത് മറ്റേക്കാൽ തൊട്ട് നിൽക്കുന്ന നിലയിലായിരുന്നു. പടിപ്പുരയുടെ പടിയിൽ ഒരു കാലിന്റെ വിരലുകൾ തൊട്ടു നിൽക്കുന്നതായും കണ്ടിരുന്നു. തന്നെയുമല്ല ഒരാൾ തൂങ്ങി മരിക്കുമ്പോൾ സാധാരണ മൃതദേഹത്തിൽ കാണപ്പെടുന്ന ക്ഷതങ്ങളോ മുറിവുകളോ ശരീരത്തിൽ ഇല്ലായിരുന്നു. മകൻ തൂങ്ങി മരിക്കത്തക്കവണ്ണമുള്ള ഒരു കാര്യവും ഉണ്ടായിരുന്നില്ല എന്ന് മാതാവ് രാധ പറയുന്നു.
സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന് സംശയിക്കുന്ന മകന്റെ കൂട്ടുകാരെക്കുറിച്ചും മറ്റ് ചില സാക്ഷികളെക്കുറിച്ചും വ്യക്തമായ സൂചനകൾ നൽകിയിട്ടും പോലീസ് ഇതുവരെ അന്വേഷിച്ചിട്ടില്ല. മകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പോലും കൃത്രിമം കാട്ടിയിട്ടുണ്ടെന്നും മാതാവ് പറയുന്നു. മുഖ്യമന്ത്രി , പ്രതിപക്ഷ നേതാവ് ആഭ്യന്തര മന്ത്രി , ഡി.ജി.പി , ചെങ്ങന്നൂർ എം എൽ എ, ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്.പി, ചെങ്ങന്നൂർ ഡിവൈഎസ്പി എന്നിവർക്കെല്ലാം പരാതി നൽകിയിരുന്നുവെങ്കിലും നാളിതുവരെ ഒരു നടപടിയുമുണ്ടായിട്ടില്ല. പ്രതികളെ രക്ഷിക്കുവാൻ ഉന്നത രാഷ്ട്രീയ ഇടപെടലുകൾ നടന്നതായി സംശയിക്കുന്നെന്നും തനിക്ക് നീതി ലഭിക്കണമെന്നും മകന്റെ മരണത്തിനുത്തരവാദി ആരെന്നു കണ്ടുപിടിക്കണമെന്നും മാതാവ് ആവശ്യപ്പെടുന്നു.