വെച്ചൂച്ചിറ : പരുവ മഹാദേവ ക്ഷേത്രത്തിലെ പത്ത് ദിവസം നീണ്ടുനിന്ന തിരുവാതിര ഉത്സവം ഇന്ന് ആറാട്ടോടെ സമാപിക്കും. വൈകിട്ട് 4ന് ആറാട്ടുബലി, 5ന് ആറാട്ട് പുറപ്പാട്. നെറ്റിപ്പട്ടംകെട്ടിയ ഗജവീരന്റെ സാന്നിദ്ധ്യത്തിൽ മണ്ണടിശാല എൻ.എസ്.എസ് കരയോഗാങ്കണത്തിൽനിന്നും ആരംഭിച്ച് മണ്ണടിശാല ശ്രീനാരായണ ഗുരദേവക്ഷേത്രത്തിലെ സ്വീകരണം ഏറ്റുവാങ്ങി മുത്തുക്കുട, താലപ്പൊലി, പഞ്ചവാദ്യം, ശിങ്കാരിമേളം എന്നിവയുടെ അകമ്പടിയോടെ പമ്പാനദിയിലേക്ക് ആറാട്ട് നടക്കും. തുടർന്ന് ആറാട്ട് എഴുന്നെള്ളത്ത്, കൊടിയിറക്ക്.
വൈകിട്ട് 7 മുതൽ സാംസ്‌കാരിക സമ്മേളനവും കൈലാസതീർത്ഥ പുരസ്‌കാര സമർപ്പണവും നടക്കും. പ്രസിഡന്റ് സോനു എസ്. കൊട്ടാരത്തിൽ അദ്ധ്യക്ഷത വഹിക്കും.അഡ്വ.പ്രമോദ് നാരായണൻ എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പർ മനോജ് ബി നായർ മുഖ്യാതിഥിയായിരിക്കും. വെച്ചൂച്ചിറ മധു മുഖ്യപ്രഭാഷണം നടത്തും. യോഗത്തിൽ മഹാദേവ ക്ഷേത്രദേവസ്വം നൽകുന്ന 4ാമത് കൈലാസതീർത്ഥ പുരസ്‌കാരം യുവസംരംഭകനും ജീവകാരുണ്യ പ്രവർത്തകനുമായ ഡോ.പി.വി ജയന് അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ സമ്മാനിക്കും. രാത്രി 9.30 മുതൽ സുപ്രസിദ്ധ ചലചിത്ര പിന്നണിഗായകരും, റിയാലിറ്റി ഷോ താരങ്ങളും അണിനിരക്കുന്ന ഗാനമേള എന്നിവ നടക്കും.