ശബരിമല : കോവിഡ് പശ്‌ചാത്തലത്തില്‍ തീര്‍ഥാടകരുടെ എണ്ണത്തില്‍ കുറവ് വരുത്തിയത് മൂലം ഉണ്ടായ വരുമാന നഷ്‌ടം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കും. ഈ മാസം ദേവസ്വം ബോർഡ് ജീവനക്കാർക്ക് ശമ്പളം കൊടുക്കാനോ പെൻഷൻ നൽകാനോ സാധിക്കാതെ വരുമെന്ന് ഇന്ന് ശബരിമല സന്ദർശന വേളയിൽ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞിരുന്നു.
തീര്‍ഥാടകരുടെ എണ്ണം കുറഞ്ഞാലും കൂടിയാലും ക്രമീകരണങ്ങളില്‍ കുറവ് വരുത്താനാകില്ല, ഇതാണ് ദേവസ്വം ബോർഡിന്റെ ദൈനം ദിന കാര്യങ്ങൾ അവതാളത്തിലാക്കുന്നത്. ഇക്കുറി തീര്‍ഥാടന കാലയളവില്‍ പ്രതിദിനം ആയിരം പേര്‍ക്കാണ് പ്രവേശനം. അതിനും ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ എത്തുന്നതു പോലുള്ള എല്ലാ ക്രമീകരണങ്ങളുമാണ് വേണ്ടി വരുന്നത്.
വെള്ളം, വൈദ്യുതി ചാര്‍ജിനത്തില്‍ നല്ലൊരു തുക മാറ്റിവെയ്‌ക്കേണ്ടതായി വരും. ഒരു തീര്‍ത്ഥാടന കാലം പൂര്‍ത്തിയാകമ്പോള്‍ 60 കോടി രൂപയാണ് ബോര്‍ഡിന് ചെലവാകുന്നത്. തീര്‍ഥാടകര്‍ കുറയുന്നതോടെ കാണിക്കയിലും അപ്പം, അരവണ, പ്രസാദം, വഴിപാട് ഇനത്തിലും വലിയ കുറവുണ്ടാകും.ഇത് ബോര്‍ഡിനെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കും. തീര്‍ഥാടന കാലയളവില്‍ ഡ്യൂട്ടി നോക്കുന്ന ദേവസം ജീവനക്കാരുടെ സ്‌പെഷല്‍ ഡ്യൂട്ടി അലവന്‍സ്, ക്ലീനിങ്ങിനുള്ള ചെലവ് ഉള്‍പ്പെടെ നല്ലൊരു തുക കണ്ടെത്തേണ്ടതായി വരും.
കഴിഞ്ഞ മണ്ഡല മകരവിളക്ക് കാലത്ത് 260 കോടി രൂപയായിരുന്നു ശബരിമല വരുമാനം. തീര്‍ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തിയതോടെ കടകളുടെ കുത്തക ലേലം വഴിയുള്ള വരുമാനവും വാഹന പാര്‍ക്കിങ് ഫീസ് പിരിക്കാനുള്ള ലേല വരുമാനവും കുത്തനെ കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ലേലം വഴി 34 കോടി രൂപയുടെ വരുമാനമാണ് ലഭിച്ചത്. കോവിഡിന്റെ പശ്‌ചാത്തലത്തില്‍ ആറ് മാസത്തോളം ക്ഷേത്രങ്ങളില്‍ ഭക്‌തരെ പ്രവേശിപ്പിച്ചിരുന്നില്ല.
തുടര്‍ന്ന് ഭക്‌തര്‍ക്ക് ക്ഷേത്ര ദര്‍ശനത്തിന് അനുമതി നല്‍കിയിരുന്നെങ്കിലും ഇപ്പോഴും ക്ഷേത്രങ്ങളില്‍ ഭക്‌തരുടെ വരവ് കുറവാണ്. ഇതോടെ ദിവസവും തുറന്നിരിക്കുന്ന ക്ഷേത്രങ്ങളില്‍ അവിടുത്തെ ദൈനംദിന ചെലവിനുള്ള വരുമാനം പോലും ലഭിക്കുന്നില്ല. ബോര്‍ഡിന് അയ്യായിരത്തോളം ജീവനക്കാരാണുള്ളത്.
ശമ്പളം നല്‍കാന്‍ 30 കോടിയും പെന്‍ഷന് 10 കോടി രൂപയും വേണം ശബരിമല ഉള്‍പ്പടെയുള്ള ക്ഷേത്രങ്ങളിലെ വരുമാനം കൊണ്ടാണ് ചെലവുകള്‍ നടന്ന് വന്നത്. കോവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ 150 കോടി രൂപ അനുവദിക്കണമെന്ന് ബോര്‍ഡ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്, അതേ സമയം കൂടുതൽ തീർത്ഥാടകരെ വരും ദിവസങ്ങളിൽ പ്രവേശിപ്പിക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.