തിരുവനന്തപുരം : സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട രൂക്ഷ വിമർശനത്തിൽ കെ. സുധാകരന് മറുപടിയുമായി ഷമ മുഹമ്മദ് രംഗത്ത് . ഫേസ്ബുക്കിലൂടെയാണ് ഷമ മുഹമ്മദ് മറുപടിയുമായി എത്തിയത്. പാർട്ടി വക്താവ് എന്ന് വ്യക്തമാക്കുന്ന എ.ഐ.സി.സി വെബ്‌സൈറ്റിലെ ചിത്രം പങ്കുവച്ചാണ് മറുപടി നൽകിയത്. ‘മൈ ഐ.ഡി’ എന്ന അടിക്കുറിപ്പോടെയാണ് ഷമ സോഷ്യൽ മീഡിയയിൽ കോൺഗ്രസ് വെബ്‌സൈറ്റിലെ സ്‌ക്രീൻഷോട്ട് പോസ്റ്റ് ചെയ്തത്. ഡോ. ഷമ മുഹമ്മദ്, വക്താവ് എന്നതിനൊപ്പം ചിത്രവും ഡൽഹിയിലെ വിലാസം ഉൾപ്പെടെ ചേർത്തിട്ടുണ്ട്.
സ്ഥാനാർഥി നിർണയത്തിൽ വനിതകൾക്കും ന്യൂനപക്ഷങ്ങൾക്കും മതിയായ പരിഗണന ലഭിച്ചില്ലെന്നായിരുന്നു ഷമ മുഹമ്മദിന്റെ വിമർശനം. 50 ശതമാനം സ്ത്രീ പ്രാതിനിധ്യം എന്നായിരുന്നു രാഹുൽ ഗാന്ധി വ്യക്തമാക്കിയത്. കഴിഞ്ഞ തവണ രണ്ടു വനിതകൾ മത്സരരംഗത്ത് ഉണ്ടായിരുന്നെങ്കിൽ ഇത്തവണ ഒന്നായി കുറഞ്ഞുവെന്നും അവർ വ്യക്തമാക്കി.