കൊച്ചി : തൊടുപുഴ മുന്‍ സിഐയും നിലവില്‍ കോട്ടയം ക്രൈംബ്രാഞ്ച് സിഐയുമായ എന്‍.ജി.ശ്രീമോനെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. സിഐയെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ടതിനെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് എഡിജിപിയുടെ നടപടി.
കേസുകളില്‍ വ്യാപകമായി ഇടപെട്ട് ഇയാള്‍ പരാതിക്കാരെ ശാരീരികമായും സാമ്പത്തികമായും പീഡിപ്പിക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സസ്പെന്ഷന് ആവശ്യപ്പെട്ടത്. ഇടുക്കി സ്വദേശി ബേബിച്ചന് വര്‍ക്കി നല്കിയ പരാതി പരിഗണിച്ച് ജസ്റ്റീസ് മുഹമ്മദ് മുഷ്താഖാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 30 ഓളം പരാതികളില്‍ കോടതി വിജിലന്‍സ് അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണം അടിയന്തിരമായി നടത്താന്‍ വിജിലന്‍സ് ഐജി എച്ച്.വെങ്കിടേഷിന് കോടതി നോട്ടീസ് നല്കി.
സിഐക്കെതിരേ കടുത്ത വിമര്‍ശനമാണ് ഹൈക്കോടതി നടത്തിയത്. ഇത്തരം ഉദ്യോഗസ്ഥര്‍ സമൂഹത്തിന് ഭീഷണിയാണെന്ന് നിരീക്ഷിച്ച കോടതി ഒരു നിമിഷം പോലും ഇയാളെ സര്‍വീസില്‍ ഇരുത്തരുതെന്നും പറഞ്ഞു.