ന്യൂഡൽഹി : കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടി ചട്ടലംഘനമാണെന്ന് സ്ഥാപിക്കാൻ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയ പരസ്യ പ്രതികരണങ്ങൾക്ക് മറുപടിയുമായി ധനമന്ത്രി തോമസ് ഐസക്. ഗവര്‍ണര്‍ കാര്യങ്ങൾ വ്യക്തമാക്കേണ്ടത് വാര്‍ത്താ സമ്മേളനം നടത്തിയല്ല. ഔചിത്യത്തോടുകൂടിയുള്ള സംവാദങ്ങളാണ് ഉണ്ടാകേണ്ടത്. ഗവര്‍ണര്‍ക്ക് സര്‍ക്കാരിൽ നിന്ന് വിവരങ്ങൾ തേടാമെന്നും അതിനുള്ള മറുപടി സര്‍ക്കാര്‍ നൽകുമെന്നും തോമസ് ഐസക് പറഞ്ഞു.
മന്ത്രിമാരാരും പരസ്യ പ്രസ്താവനകളിറക്കി വിവാദത്തിൽ കക്ഷിചേര്‍ന്നിട്ടില്ലെന്നും തോമസ് ഐസക് ഓര്‍മ്മിപ്പിച്ചു. ദില്ലിയിൽ ജിഎസ്ടി യോഗത്തിനെത്തിയതായിരുന്നു തോമസ് ഐസക്. കേന്ദ്ര നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ ഗവര്‍ണറുടെ അനുമതി വാങ്ങേണമെന്ന് നിയമത്തിൽ പറയുന്നില്ലെന്ന് മന്ത്രി എകെ ബാലനും വിശദമാക്കിയിരുന്നു. വിശദീകരണം തേടിയാൽ നിയമ വിദഗ്ധരുമായി കൂടിയാലോചിച്ച് മറുപടി നൽകുമെന്നും ഗവര്‍ണറുമായോ കേന്ദ്ര സര്‍ക്കാരുമായോ പരസ്യമായ ഏറ്റുമുട്ടലല്ല സംസ്ഥാന സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും എകെ ബാലനും വ്യക്തമാക്കിയിരുന്നു.