തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ മെയ് 3 വരെ നീട്ടിയ സാഹചര്യത്തില്‍ ജനങ്ങള്‍ ലോക് ഡൗണിനോട് സഹകരിക്കണമെങ്കില്‍ അവര്‍ക്ക് ഭക്ഷണവും ധനസഹായവും നല്‍കിയേ തീരൂവെന്ന് ധനമന്ത്രി തോമസ് ഐസക്. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജ് തികച്ചും അപര്യാപ്തമാണെന്നും ഈ സാഹചര്യത്തില്‍ അടിയന്തരമായി ഉത്തേജന പാക്കേജു പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു.
“അടിയന്തിരമായി ലോക്കൗട്ട് എക്സിറ്റ് സ്ട്രാറ്റജി സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്യണം. ഒരു തൊഴിലാളിയേയും പിരിച്ചുവിടാന്‍ പാടില്ല. അവര്‍ക്ക് ശമ്പളം നല്‍കുന്നതിന് സര്‍ക്കാര്‍ സഹായം നല്‍കണം. സംഭരണ വില ഉയര്‍ത്തണം. ഒരു വര്‍ഷത്തേയ്ക്ക് എല്ലാ കടങ്ങള്‍ക്കും മൊറട്ടോറിയം നല്‍കണം. ഈ പ്രശ്നങ്ങളെല്ലാം അഭിമുഖീകരിക്കുന്ന ഉത്തേജക പാക്കേജിനുള്ള സമയമാവുകയാണ്” മന്ത്രി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം…
ലോക്ഡൗണ്‍ തുടരുകയല്ലാതെ മറ്റൊരു വഴിയില്ല എന്നു വ്യക്തമായ സാഹചര്യത്തില്‍ അടിയന്തരമായി ഉത്തേജന പാക്കേജു പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. ലോക്ഡൗണിനോട് ജനങ്ങള്‍ സഹകരിക്കണമെങ്കില്‍ അവര്‍ക്ക് ഭക്ഷണവും ധനസഹായവും നല്‍കിയേതീരൂ. മൂന്നാഴ്ചകൊണ്ട് എന്തെങ്കിലും സമ്ബാദ്യം ആര്‍ക്കെങ്കിലും ഉണ്ടായിരുന്നുവെങ്കില്‍ അതൊക്കെ തീര്‍ന്നുകാണും. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജ് തികച്ചും അപര്യാപ്തമായതുകൊണ്ടാണ് നൂറുകണക്കിന് കിലോമീറ്റര്‍ അകലെയുള്ള സ്വന്തം നാട്ടിലേയ്ക്ക് തൊഴിലാളികള്‍ കാല്‍നടയായി യാത്ര തിരിച്ചത്. അങ്ങനെ പോയവരുടെ കൈവശം ഇനി മിച്ചമെന്തുണ്ടാകും? ഈ മനുഷ്യരിലേയ്ക്കാണ് സര്‍ക്കാരിന്റെ സഹായം അടിയന്തരമായി എത്തേണ്ടത്. ഒരു വര്‍ഷത്തെ കൂലി എല്ലാ തൊഴിലുറപ്പ് തൊഴിലാളികളുടെയും അക്കൗണ്ടിലേയ്ക്ക് അടിയന്തിരമായി ട്രാന്‍സ്ഫര്‍ ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം.. ആദായ നികുതിക്കു പുറത്തുള്ള മുഴുവന്‍ പേര്‍ക്കും ധനസഹായം നല്‍കണം. ഭക്ഷ്യധാന്യ ശേഖരം ആവശ്യപ്പെടുന്ന സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി ലഭ്യമാക്കണം. അടിയന്തിരമായി ലോക്കൗട്ട് എക്സിറ്റ് സ്ട്രാറ്റജി സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്യണം. ഒരു തൊഴിലാളിയേയും പിരിച്ചുവിടാന്‍ പാടില്ല. അവര്‍ക്ക് ശമ്ബളം നല്‍കുന്നതിന് സര്‍ക്കാര്‍ സഹായം നല്‍കണം. സംഭരണ വില ഉയര്‍ത്തണം. ഒരു വര്‍ഷത്തേയ്ക്ക് എല്ലാ കടങ്ങള്‍ക്കും മൊറട്ടോറിയം നല്‍കണം. ഈ പ്രശ്നങ്ങളെല്ലാം അഭിമുഖീകരിക്കുന്ന ഉത്തേജക പാക്കേജിനുള്ള സമയമാവുകയാണ്.
ലോക്ഡൗണിന്റെ ഒന്നാംഘട്ടത്തില്‍ സാധാരണഗതിയില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രത്തില്‍ നിന്നും കിട്ടേണ്ടുന്ന ചില ഗ്രാന്റുകളൊഴികെ കോവിഡിന്റെ പേരില്‍ അധികമായി ലഭിച്ചത് വെറും 7000 കോടി രൂപ മാത്രമാണ്. ജിഎസ്ടി നഷട്പരിഹാരം മാത്രം ഏപ്രില്‍ മാസംകൂടി കണക്കിലെടുത്താല്‍ 60000 കോടി രൂപയെങ്കിലും സംസ്ഥാനങ്ങള്‍ക്കു കുടിശികയായുണ്ട്. വായ്പയ്ക്ക് 9 ശമതാനം വരെയാണ് ബാങ്കുകള്‍ പലിശ ഈടാക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ വായ്പാ പരിധി ഉയര്‍ത്തണം. കേന്ദ്രസര്‍ക്കാര്‍ തന്നെ റിസര്‍വ്വ് ബാങ്കില്‍ നിന്നും വായ്പയെടുത്ത് സംസ്ഥാനങ്ങള്‍ക്ക് ചുരുങ്ങിയ പലിശയ്ക്ക് ലഭ്യമാക്കണം. ആരോഗ്യ മേഖലയുടെ അടങ്കല്‍ ഗണ്യമായി ഉയര്‍ത്തണം. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ സംരക്ഷണ ഉപകരണങ്ങളും രോഗികള്‍ക്കുള്ള മരുന്നും ലഭ്യമാക്കണം.
കോവിഡിനെ നേരിടാനും കേന്ദ്രസര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ പര്യാപ്തമല്ല. ഓരോ നാലുദിവസം കഴിയുന്തോറും രോഗികളുടെ എണ്ണം ഇരട്ടിക്കുകയാണ്. അതുകൊണ്ട് പ്രധാനമന്ത്രി പ്രഖ്യാപിച്ചതുപോലെ ലോക്ഡൌണ്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടത് എല്ലാ പൌരന്മാരുടെയും കടമയാണ്. അതില്‍ വീഴ്ച പാടില്ല. ഇതു പറയുമ്ബോള്‍ത്തന്നെ കഴിഞ്ഞ മൂന്ന് ആഴ്ചത്തെ അനുഭവങ്ങളില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവുകയും വേണം. ലോക്ഡൗണ്‍ കൊണ്ടുമാത്രം പകര്‍ച്ചവ്യാധിയെ ഇല്ലാതാക്കാനാവില്ല. പരിശോധന ഇപ്പോഴും ലോകനിലവാരത്തില്‍നിന്ന് എത്രയോ താഴെയാണ്. വീടുകളില്‍ അടച്ചുപൂട്ടപ്പെടുന്നവരില്‍ രോഗലക്ഷണുള്ളവരെ കണ്ടെത്തുകയും ടെസ്റ്റ് ചെയ്യുകയും വേണം. കേരളത്തിലെന്നപോലെ ഓരോ കോവിഡ് രോഗിയുടെയും സഞ്ചാരപഥം തയ്യാറാക്കുകയും ബന്ധപ്പെട്ടവരെയെല്ലാം നിരീക്ഷണത്തിലാക്കുകയും ടെസ്റ്റ് ചെയ്യുകയും വേണം. അതില്‍ പോസിറ്റീവ് ആകുന്നവരെ ചികിത്സിക്കുക മാത്രമല്ല, അവരുടെ ബന്ധങ്ങളെയും പരിശോധിക്കണം. ഏറ്റവും താഴ്ന്ന നിരക്കിലുള്ള ടെസ്റ്റ് നടത്തുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. കൂടുതല്‍ ടെസ്റ്റ് കിറ്റുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ലഭ്യമാക്കണം. ഈ ദിശയിലാണ് കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടത്.