തിരുവനന്തപുരം: കിഫ്ബി മസാലബോണ്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കേസെടുത്ത സംഭവത്തില്‍ പ്രതികരിച്ച് ധനമന്ത്രി ടി.എം. തോമസ് ഐസക്. ഏറ്റുമുട്ടാനാണ് ഭാവമെങ്കില്‍ നേരിടുമെന്നും കിഫ്ബിയെ ഇ.ഡി ഒരു ചുക്കും ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നേരത്തെ കിഫ്ബി സി.ഇ.ഒ. കെ.എം. എബ്രഹാം, ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ വിക്രംജിത്ത് സിങ്, കിഫ്ബിയുടെ പ്രധാന ബാങ്കായ ആക്സിസ് ബാങ്കിന്റെ മുംബൈ മേധാവി എന്നിവരെ അടുത്തയാഴ്ച ചോദ്യംചെയ്യാന്‍ കൊച്ചിയിലേക്ക് വിളിപ്പിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ അനുമതിയില്ലാതെ മസാലബോണ്ടിലൂടെ വിദേശധനസഹായം സ്വീകരിച്ചത് വിദേശനാണയ വിനിമയചട്ടത്തിന്റെ (ഫെമ) ലംഘനമാണെന്നാണ് ഇ.ഡി. പറയുന്നത്. സി.എ.ജി. റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളാണ് കേസിനായി പരിഗണിച്ച പ്രധാനഘടകം.
കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡിന്റെ (കിഫ്ബി) പ്രവര്‍ത്തനങ്ങള്‍ നിയമാനുസൃതമല്ലെന്നും വ്യാപകമായ ക്രമക്കേടുകള്‍ ഉണ്ടായിട്ടുണ്ടെന്നുമാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. കിഫ്ബിയുടെ കടമെടുപ്പ് പ്രധാനമായും മസാലബോണ്ടിലൂടെയാണ്. ഇന്ത്യന്‍ രൂപയില്‍ വിദേശത്തുനിന്ന് കടമെടുക്കുന്ന മസാലബോണ്ട് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെയാണ് വേണ്ടിയിരുന്നത്. വിദേശകടമെടുപ്പിന്റെ അധികാരം കേന്ദ്രസര്‍ക്കാരിനാണ്. ഇതായിരുന്നു സി.എ.ജി. റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്.
സി.എ.ജി. റിപ്പോര്‍ട്ടിനു പിന്നാലെ മസാലബോണ്ടിലും കിഫ്ബി ഇടപാടുകളിലും ഇ.ഡി. പ്രാഥമികാന്വേഷണം തുടങ്ങിയിരുന്നു. റിസര്‍വ് ബാങ്കുമായി ഇതുസംബന്ധിച്ച സംശയനിവാരണങ്ങളും നടത്തിയിരുന്നു. ഇതിനുശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.