ചെന്നൈ: തൂത്തുക്കുടിയില്‍ പിതാവിനെയും മകനെയും കസ്റ്റഡിയിലെടുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ പോലീസുകാര്‍ക്ക് ജയിലില്‍ സഹതടവുകാരുടെ മര്‍ദ്ദനം. തൂത്തുക്കുടി ജില്ലയിലെ പേരൂറാനി സബ് ജയിലിലാണ് സത്താന്‍കുളം സ്റ്റേഷനിലെ പോലീസുകാര്‍ക്കെതിരെ ആക്രമണമുണ്ടായത്.
ശനിയാഴ്ച വൈകിട്ട് നാലോടെയാണ് പ്രതികള്‍ക്കെതിരെ ജയിലില്‍ ആക്രമണമുണ്ടായത്. പ്രതികള്‍ പരസ്പരം സംസാരിച്ചുകൊണ്ട് നില്‍ക്കുന്നതിനിടെ സഹതടവുകാര്‍ ആക്രമിക്കുകയായിരുന്നുവെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. സാത്താന്‍കുളത്ത് പോലീസുകാര്‍ പിതാവിനെയും മകനെയും കൊലപ്പെടുത്തിയതു സംബന്ധിച്ച വാര്‍ത്ത തടവുകാര്‍ അറിഞ്ഞിരുന്നെന്നും പ്രതികളായ പോലീസുകാര്‍ക്കെതിരെ അവര്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നെന്നും അതാണ് ആക്രമണത്തില്‍ കലാശിച്ചതെന്നും ജയില്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജയില്‍ ഉദ്യോഗസ്ഥര്‍ ഏറെ പണിപ്പെട്ടാണ് പോലീസുകാരെ ആക്രമണത്തില്‍ നിന്നും രക്ഷിച്ച് സെല്ലില്‍ എത്തിച്ചത്.
ഈ സംഭവത്തെ തുടര്‍ന്ന് കസ്റ്റഡി പ്രതികളായ പോലീസുകാരെ മധുര ജയിലിലേയ്ക്ക് മാറ്റാന്‍ തീരുമാനിച്ചു. പാലയംകോട്ടൈ സെന്‍ട്രല്‍ ജയിലിലേയ്ക്ക് മാറ്റാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ സുരക്ഷ പരിഗണിച്ച് മധുരയിലേക്ക് മാറ്റുകയായിരുന്നു. സാത്താന്‍കുളം സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ ശ്രീധര്‍, എസ്‌ഐമാരായ ബാലകൃഷ്ണന്‍, രഘു ഗണേഷ്, കോണ്‍സ്റ്റബിള്‍മാരായ മുത്തുരാജ്, മുരുകന്‍ എന്നിവരാണ് ആക്രമണത്തിന് ഇരയായത്.
പേരൂറാനി ജയിലില്‍ മുന്നൂറോളം തടവുകാരെ പാര്‍പ്പിക്കാമെങ്കിലും കോവിഡ് പശ്ചാത്തലത്തില്‍ ഇപ്പോള്‍ 80 പേര്‍ മാത്രമാണുണുണ്ടായിരുന്നത്. ഇന്‍സ്‌പെക്ടറെ പ്രത്യേക സെല്ലലും മറ്റു നാല് പോലീസുകാരെ ഒരു സെല്ലിലുമാണ് പാര്‍പ്പിച്ചിരിക്കുന്നത്.
കസ്റ്റഡി കൊലപാതകത്തില്‍ സിബിസിഐഡിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യപ്രതിയായ എസ്.ഐ രഘു ഗണേഷിനെ രാത്രി 7:30 ന് അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് ചെയ്തത്. എസ്.ഐ ബാലകൃഷ്ണന്‍, കോണ്‍സ്റ്റബിള്‍ മുരുകന്‍ എന്നിവരെ ബുധനാഴ്ചയാണ് അറസ്റ്റു ചെയ്തത്.
തിരുനെല്‍വേലി-മധുര അതിര്‍ത്തിയില്‍ നിന്നും വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഇന്‍സ്‌പെക്ടര്‍ ശ്രീധര്‍ അറസ്റ്റിലായത്. തേനിയിലേക്ക് ഒളിവില്‍ പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായതെന്ന് പോലീസ് പറഞ്ഞു. കേസിലെ മറ്റൊരു പ്രതിയായ കോണ്‍സ്റ്റബിള്‍ മുത്തുരാജിനെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കൊലപാതകത്തില്‍ പോലീസുകാര്‍ അറസ്റ്റിലായത് പടക്കം പൊട്ടിച്ചാണ് സത്താന്‍ കുളത്തെ ജനങ്ങള്‍ ആഘോഷമാക്കിയത്. അറസ്റ്റിലായ അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെയും കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്.