കണ്ണൂര്‍: യൂട്യൂബര്‍ തൊപ്പി എന്ന കണ്ണൂര്‍ മാങ്ങാട് സ്വദേശി മുഹമ്മദ് നിഹാദിനെതിരെ കണ്ണപുരം പോലീസ് കേസെടുത്തു. അശ്ലീല സംഭാഷണങ്ങള്‍ അടങ്ങിയ വീഡിയോ പ്രചരിപ്പിച്ചതിന് ഐടി ആക്ട് 67 അനുസരിച്ചാണ് കേസ്. ടി.പി അരുണിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. നിലവില്‍ നിഹാദ് വളാഞ്ചേരി പോലീസിന്റെ കസ്റ്റഡിയിലാണുള്ളത്. തൊപ്പിയെ എറണാകുളത്തെ ഫ്ളാറ്റില്‍ നിന്ന് വളാഞ്ചേരി പോലീസ് ആണ് കസ്റ്റഡിയില്‍ എടുത്തത്. പൊതുജനമധ്യത്തില്‍ തെറിപ്പാട്ട് പാടിയതിനും ഗതാഗതം തടസ്സപ്പെടുത്തിയതിനുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ശനിയാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം.
വളാഞ്ചേരിയിലെ കട ഉദ്ഘാടന ചടങ്ങിനിടെയാണ് അശ്ലീല പദപ്രയോഗം നടത്തിതും ഗതാഗത തടസമുണ്ടാക്കിതും. സംഭവത്തില്‍ ഇയാള്‍ക്കെതിരെ വ്യാപക പരാതി ഉയര്‍ന്നിരുന്നു. പിന്നാലെയാണ് പോലീസ് നടപടി. ഇയാളുടെ ഫ്ളാറ്റില്‍ നിന്ന് ഒരു കമ്പ്യൂട്ടര്‍, ഹാര്‍ഡ് ഡിസ്‌ക്, രണ്ട് മൊബൈല്‍ ഫോണ്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ കഴിയില്ലെന്ന് മറുപടി നല്‍കി. ഇതോടെയാണ് എറണാകുളത്തെത്തി പോലീസ് നിഹാദിനെ പിടികൂടുന്നത്. ഫ്ളാറ്റിന് പുറത്തെത്തി വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ സമ്മതിച്ചില്ല. ഇതോടെ വാതില്‍ ചവിട്ടി പൊളിച്ച് അകത്ത് കടന്നാണ് നിഹാദിനെ കസ്റ്റഡിയില്‍ എടുക്കുന്നത്.