പാലക്കാട് : സരിൻ ഇഫക്ട് ഉണ്ടായില്ലെന്ന് അധിക്ഷേപിക്കുന്നത് സരിന്‍റെ കഴിവ് നന്നായി അറിയാവുന്നവരാണ്, ഉപതെരഞ്ഞെടുപ്പിലെ തോല്‍വിയുടെ പേരില്‍ ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന പി സരിനെ ഏതെങ്കിലും തരത്തിൽ തളർത്താൻ നോക്കേണ്ടെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം എ കെ ബാലന്‍ പറഞ്ഞു. സരിനെ സിപിഎം പൂർണ്ണമായും സംരക്ഷിക്കും. പോളിംഗ് ശതമാനം കുറഞ്ഞിട്ടും പാർട്ടിയുടെ അടിസ്ഥാന വോട്ട് നഷ്ടമായില്ല. വടകര ഡീലെന്ന് നേരത്തെ പറഞ്ഞതാണ്. അതിന്‍റെ തുടർച്ചയാണ് പാലക്കാട്ട് നടന്നത്. സരിൻ നൽകിയ മുന്നറിയിപ്പ് ഇക്കാര്യത്തിൽ പൂർണ്ണമായും ശരിയായി. ചരിത്രത്തിലാദ്യമാണ് ആർഎസ്എസ് പ്രവർത്തകൻ യുഡിഎഫിൽ നിന്ന് പ്രവർത്തിച്ചത്.
യുഡിഎഫ് ആർഎസ്എസ് പാലം ആയിരുന്നു സന്ദീപ് വാര്യർ. ജമാഅത്തെ ഇസ്ലാമി അടക്കം വർഗീയ ശക്തികളുടെ വഴി വിട്ട സഹായം യുഡിഎഫ് നേടി. നയത്തിൽ നിന്ന് മാറാൻ എൽഡിഎഫിനാകില്ല, സിപിഎമ്മിന് കഴിയില്ല. അതുകൊണ്ടാണ് മൂന്നാം സ്ഥാനത്ത് ആയത്. രണ്ടാം സ്ഥാനത്തേക്കുള്ള വരവിന്‍റെ നല്ല സൂചനയായി തെരഞ്ഞെടുപ്പ് ഫലത്തെ കാണാം. പ്രചാരണ തന്ത്രത്തിൽ പിഴവുകൾ ഉണ്ടായെന്ന് വിമർശനം ഉണ്ടെങ്കിൽ അത് പരിശോധിക്കാൻ പാർട്ടിക്ക് സംവിധാനം ഉണ്ട്. പരസ്യ വിവാദങ്ങൾ ഇത് വരെ പരിശോധിച്ചിട്ടില്ല. ആവശ്യം വന്നാൽ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.