കൊല്ലം : ജില്ലയിൽ പ്രസിദ്ധീകരിക്കുന്ന കോവിഡ് കണക്കുകളിൽ വൻ തിരിമറിയെന്ന് ആരോപണം. യഥാർഥ രോഗികളുടെ എണ്ണത്തിന്റെ പകുതി പോലും ജില്ലാ ഭരണകൂടത്തിന്റെ കണക്കുകളിൽ ഉൾപ്പെടുന്നില്ലെന്ന് ജനപ്രതിനിധികൾ ഉൾപ്പെടെ പറയുന്നു. പനയം പഞ്ചായത്തംഗം ബി.രഞ്ജിനിയാണ് കണക്കുകളിലെ വൈരുധ്യം ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളിലൂടെ വിമർശനമുന്നയിച്ചിരിക്കുന്നത്.
താൻ പ്രതിനിധീകരിക്കുന്ന കോവിൽമുക്ക് വാർഡിൽ മാത്രം 19 കോവിഡ് ബാധിതരുള്ളപ്പോൾ കളക്ടർ പ്രസിദ്ധീകരിച്ച കണക്കിൽ പഞ്ചായത്തിലാകെ 14 രോഗികൾ മാത്രമാണുള്ളതെന്നാണ്. തുടർച്ചയായ ദിവസങ്ങളിൽ ഇത് ആവർത്തിച്ചപ്പോഴാണ് വിമർശനവുമായി രംഗത്തു വന്നതെന്നും രഞ്ജിനി പറഞ്ഞു. നിലവിൽ പഞ്ചായത്തിലാകെ 300 ലധികം കോവിഡ് ബാധിതർ ഉള്ളപ്പോഴും ഔദ്യോഗിക കണക്കുകളിൽ ഇതില്ല.
ജില്ലയിലെ വിവിധ പഞ്ചായത്തുകൾ തിരിച്ചുള്ള കണക്കിൽ ഇന്നലത്തെ ആക്ടീവ് കേസുകളുടെ എണ്ണം 21,825 ആണ്. സർക്കാർ ദിവസേന പ്രസിദ്ധീകരിക്കുന്ന ഔദ്യോഗിക കണക്കിൽ ജില്ലയിൽ ചികിത്സയിലിരിക്കുന്നവരുടെ എണ്ണം 8173 മാത്രം. കഴിഞ്ഞ 10 ദിവസത്തിനിടെ ജില്ലയിൽ പോസിറ്റീവ് ആയത് 25,610 പേരാണ്. ശരാശരി 7 ദിവസങ്ങൾ വരെയെങ്കിലും രോഗലക്ഷണങ്ങളുമായി തുടരുന്നവരാണ് ഭൂരിഭാഗവുമെന്നതിനാൽ ഒരാഴ്ചയ്ക്കിടെ പോസിറ്റീവ് ആകുന്നവരുടെയും ചികിത്സയിലിരിക്കുന്നവരുടെയും എണ്ണത്തിൽ ഇത്രത്തോളം അന്തരം സ്വാഭാവികമല്ല.
പുതിയ ഡിസ്ചാർജ് മാർഗരേഖ പ്രകാരം വീടുകളിൽ ചികിത്സയിൽ കഴിയുന്നവരിൽ ലക്ഷണങ്ങൾ ഇല്ലാത്തവരെ 3 ദിവസത്തിനു ശേഷം ലിസ്റ്റിൽ നിന്ന് ഒഴിവാക്കുകയാണ് ജില്ലയിൽ ചെയ്യുന്നത്. വീടുകളിൽ കഴിഞ്ഞശേഷം ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ 70 ശതമാനത്തിലധികം പേരും ഇങ്ങനെ നെഗറ്റീവ് ആകുന്നവരിൽ പെടുന്നത് കണക്കുകൾ മറച്ചുപിടിക്കാനാണെന്നാണ് ആരോപണം.
സർക്കാർ കണക്കിൽ ജില്ലയിലേതിനെക്കാൾ കുറവ് ചികിത്സയിലിരിക്കുന്ന രോഗികളുള്ളത് വയനാട്, കാസർകോട് ജില്ലകളിൽ മാത്രമാണ്. കാസർകോട് ചികിത്സയിലുള്ളത് 7399 പേരും വയനാട് ചികിത്സയിലുള്ളത് 7019 പേരുമാണ്. അതേസമയം കാസർകോട്ട് 10 ദിവസത്തിനിടെ പോസിറ്റീവ് ആയത് 5681 പേരും വയനാട്ടിൽ 10 ദിവസത്തിനിടെ പോസിറ്റീവ് ആയത് 3906 പേരും മാത്രം.
ജില്ലാ കളക്ടർ ദിവസേന പ്രസിദ്ധീകരിക്കുന്ന കണക്കുപ്രകാരം 494 മരണങ്ങളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കോവിഡ് ഡാഷ്ബോർഡിൽ ഇത് 478 ആയി കുറയും. പഞ്ചായത്തുതല കണക്കുകൾ പ്രകാരം ജില്ലയിൽ കോവിഡ് മരണങ്ങൾ 1799 കഴിഞ്ഞു. ജില്ലയിൽ അടക്കം ചെയ്യുന്ന കോവിഡ് ബാധിതരുടെ മൃതദേഹങ്ങളുടെ കണക്കു തന്നെ ദിവസേന റിപ്പോർട്ട് ചെയ്യുന്ന കോവിഡ് മരണങ്ങളെക്കാൾ കൂടുതലുണ്ടെന്നാണു മൃതദേഹം ഏറ്റുവാങ്ങുന്ന ആംബുലൻസ് ഡ്രൈവർമാർ ഉൾപ്പെടെ പറയുന്നത്.