കോഴഞ്ചേരി : കോവിഡ് വ്യാപനം കൂടി വരുന്ന സാഹചര്യത്തില്‍ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പഞ്ചായത്തിലെ ചരല്‍ക്കുന്ന് ക്രിസ്ത്യന്‍ എഡ്യുക്കേഷന്‍ സെന്ററില്‍ 100 ബെഡുകളുള്ള സിഎഫ്എല്‍ടിസി ആരംഭിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്തിലെ 13 വാര്‍ഡുകളിലും ജാഗ്രതാ സമിതികള്‍ രൂപീകരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു.
ഇതിനു പുറമെ കോവിഡുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ ദൂരീകരിക്കാനും അവര്‍ക്കുവേണ്ട സേവനങ്ങള്‍ ലഭ്യമാക്കാനും സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡെസ്‌ക് പഞ്ചായത്തില്‍ ആരംഭിച്ചിട്ടുണ്ട്. പഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനും അത് മോണിറ്റര്‍ ചെയ്യുന്നതിനുമായി പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍, സെക്രട്ടറി, നോഡല്‍ ഓഫീസര്‍, സെക്ടറല്‍ ഓഫീസര്‍ എന്നിവരെ ഉള്‍പ്പെടുത്തി ഒരു കോര്‍ ടീം രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നുമുണ്ട്.
എല്ലാം നന്നായി എന്ന് പറയുമ്പോഴും കാലൊടിഞ്ഞ ഈ ഹെല്‍പ്പ് ഡെസ്ക് ആര്‍ക്ക് ഉപകാരപ്പെടുമെന്നാണ് ജനങ്ങളുടെ ചോദ്യം. സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ച് എല്ലാ ഗ്രാമപഞ്ചായത്തുകളും കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങുകയും പൊതുജനങ്ങള്‍ക്ക് 24 മണിക്കൂറും ബന്ധപ്പെടുവാന്‍ പറ്റുന്ന ഹെല്‍പ്പ് ഡെസ്ക് ആരംഭിക്കുകയും ചെയ്തിരുന്നു. തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തും മടിച്ചുനിന്നില്ല. എന്തൊക്കെയോ ചെയ്തു. ഹെല്‍പ്പ് ഡെസ്കും തുടങ്ങി, എല്ലാം ജനങ്ങളെ അറിയിച്ചുകഴിഞ്ഞപ്പോഴാണ് തങ്ങളുടെ ഹെല്‍പ്പ് ഡിസ്കിന് കാലൊന്നും ഇല്ലെന്ന് പൊതുജനങ്ങള്‍ അറിയുന്നത്.