ആറൻമുള : തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി ആർ. കൃഷ്ണകുമാറും വൈസ് പ്രസിഡന്റായി സിസിലി തോമസും തിരഞ്ഞെടുക്കപ്പെട്ടു. സി.പി.എം അംഗങ്ങളായിരുന്ന ഇരുവരും കഴിഞ്ഞിടെ അവിശ്വാസ വോട്ടെടുപ്പിൽ പാർട്ടി വിപ്പ് ലംഘിച്ചതിന് നടപടി നേരിട്ടവരാണ്. ഇന്നലെയും പാർട്ടി വിപ്പ് ലംഘിച്ചാണ് ഇരുവരും മത്സരിച്ചു വിജയിച്ചത്. പ്രസിഡന്റായിരുന്ന ബിനോയ് ചരിവുപുരയിടത്തിൽ, വൈസ് പ്രസിഡന്റ് ഷെറിൻ റോയ് എന്നിവർ അവിശ്വാസത്തേ തുടർന്നു സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. അവിശ്വാസപ്രമേയ ചർച്ചയിൽ പങ്കെടുക്കരുതെന്നുള്ള സി.പി.എം ജില്ലാ സെക്രട്ടറിയുടെ വിപ്പ് കൃഷ്ണകുമാറും സിസിലി തോമസും ഉൾപ്പെടെ നാല് സി.പി.എം അംഗങ്ങൾ ലംഘിച്ചിരുന്നു. നാലുപേരെയും പാർട്ടി ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സി.പി.എമ്മിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയായി അജിത ടി. ജോർജിനെ മത്സരിപ്പിച്ചിരുന്നു. ഇവർക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജില്ലാ സെക്രട്ടറി വീണ്ടും അഞ്ച് അംഗങ്ങൾക്ക് വിപ്പ് നൽകി. അതും ലംഘിച്ചാണ് കോൺഗ്രസിന്റെ സഹായത്തോടെ ഇരുവരും തിരഞ്ഞെടുക്കപ്പെട്ടത്.
കോൺഗ്രസിലെ മൂന്ന് അംഗങ്ങളും സി.പി.എമ്മിൽ നിന്നു സസ്‌പെൻഷനിലായ നാല് അംഗങ്ങളും ചേർന്ന് ഏഴ് പേരുടെ വോട്ടാണ് കൃഷ്ണകുമാറിനും സിസിലി തോമസിനും ലഭിച്ചത്. അജിത ടി. ജോർജിനും ബി.ജെ.പി സ്ഥാനാർത്ഥി പ്രജീഷിനും മൂന്ന് വീതം വോട്ടുകൾ ലഭിച്ചു. മുൻ പ്രസിഡന്റ് ബിനോയ്, വൈസ് പ്രസിഡന്റ് ഷെറിൻ എന്നിവർ അജിതയ്ക്ക് വോട്ടു ചെയ്തു. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സി.പി.എം വിപ്പ് നൽകിയിരുന്നില്ല. മുൻ വൈസ് പ്രസിഡന്റ് കോൺഗ്രസ് സ്വതന്ത്രയായ ഷെറിൻ റോയിയായിരുന്നു എൽ.ഡി. എഫ് സ്ഥാനാർത്ഥി. ഇവർക്ക് മൂന്ന് വോട്ട് ലഭിച്ചു. ബി.ജെ.പിയുടെ രശ്മി ആർ. നായരുടെ വോട്ട് അസാധുവായതിനേ തുടർന്ന് ഇവർക്ക് രണ്ട് വോട്ട് മാത്രമാണ് ലഭിച്ചത്. കൃഷ്ണകുമാർ, സിസിലി തോമസ് എന്നിവരോടൊപ്പം റെൻസി കെ. രാജൻ, റീന തോമസ് എന്നിവരാണ് സിപിഎം വിമതപക്ഷത്തുള്ളത്.