കോഴഞ്ചേരി : ജില്ലയിൽ ഹാപ്പികേരളം ഇടം രൂപവത്കരണത്തിന് തോട്ടപ്പുഴശേരി മോഡൽ സി.ഡി.എസിൽ തുടക്കംകുറിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആർ.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ എസ്.ആദില മുഖ്യപ്രഭാഷണം നടത്തി. ജെൻഡർ പ്രോഗ്രാം മാനേജർ പി.ആർ. അനുപ, ജനപ്രതിനിധികൾ, അസിസ്റ്റന്റ് സെക്രട്ടറി, സി.ഡി.എസ്. അംഗങ്ങൾ, പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. തോട്ടപ്പുഴശേരി വാർഡ് മാരാമൺ കുടുംബങ്ങൾ അടങ്ങിയ ഇടം രൂപവത്കരണമാണ് നടന്നത്.
സാമൂഹികപ്രവർത്തകർ, കൗൺസിലർമാർ, പോഷകാഹാരവിദഗ്‌ധർ, റിട്ട.അധ്യാപകർ, വിവിധ വിഷയങ്ങളിൽ അനുഭവസമ്പത്തുള്ളവർ തുടങ്ങിയവരാണ് റിസോഴ്‌സ് പേഴ്സൺമാരായിട്ടുള്ളത്. കുടുംബശ്രീയുടെ എന്നിടം പദ്ധതിയുമായി യോജിപ്പിച്ചാണ് ഹാപ്പിനസ് കേന്ദ്രങ്ങളുടെ പ്രവർത്തനം. തുല്യത, സാമ്പത്തിക സുസ്ഥിരത, പരിസ്ഥിതി, ശുചിത്വം കല, സാഹിത്യം, സ്പോർട്ട് മാനസികാരോഗ്യം, പോഷകാഹാരം, ജനാധിപത്യമൂല്യങ്ങൾ അടിസ്ഥാനമാക്കിയാണ് തുടങ്ങിയ പ്രവർത്തനം. തദ്ദേശവകുപ്പിന്റെ മുഖ്യപങ്കാളിത്തത്തിൽ ആരോഗ്യം, സാമൂഹികനീതി, വനിതാ ശിശുവികസനം, കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം തുടങ്ങിയ വകുപ്പുകളും പദ്ധതിയുടെ ഭാഗമാകും.