തിരുവനന്തപുരം: സംസ്ഥാനത്തെ ചുമട്ടുതൊഴില്‍ മേഖലയിലെ വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പൊതുജനങ്ങള്‍ക്കായി തൊഴില്‍ സേവ ആപ് എന്ന പേരില്‍ മൊബൈല്‍ ആപ് കൊണ്ടുവരുമെന്ന് തൊഴില്‍മന്ത്രി വി.ശിവന്‍കുട്ടി. മാറിയ തൊഴില്‍ വിപണി സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ചുമട്ടു തൊഴിലാളി സമൂഹത്തെ പരിഷ്‌കരിക്കുന്നതിനും പൊതുസമൂഹത്തിനിടയില്‍ ചുമട്ടു തൊഴിലാളികളോടുള്ള മനോഭാവത്തില്‍ കാതലായ മാറ്റം ഉണ്ടാക്കാനും പദ്ധതി നടപ്പിലാക്കും. ഐടി പാര്‍ക്കുകള്‍, കിന്‍ഫ്ര പാര്‍ക്കുകള്‍, വ്യവസായ എസ്റ്റേറ്റുകള്‍ എന്നിവിടങ്ങളിലെ 25-50 പ്രായ പരിധിയിലുള്ള ചുമട്ടു തൊഴിലാളികളെ തിരഞ്ഞെടുത്ത് അവര്‍ക്ക് ത്രിതല പരിശീലനം നല്‍കും. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മപദ്ധതിയുടെ ഭാഗമായി ആവിഷ്‌ക്കരിച്ച പദ്ധതികള്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു മന്ത്രി.
സ്വകാര്യ മേഖലയിലെ ഉദ്യോഗദായകര്‍ക്ക് അവരുടെ സ്ഥാപനങ്ങളില്‍ ഉണ്ടാകുന്ന തൊഴിലവസരങ്ങള്‍ ഓണ്‍ലൈനായി റിപ്പോര്‍ട്ട് ചെയ്യുന്നതിനും യോഗ്യരായ തൊഴിലന്വേഷകര്‍ക്ക് പ്രസ്തുത അവസരങ്ങള്‍ വിനിയോഗിക്കുന്നതിനും സര്‍ക്കാര്‍ സംവിധാനത്തില്‍ ഒരു ഡിജിറ്റല്‍ പ്ലാറ്റ്ഫോം സൃഷ്ടിക്കും. അതിഥി തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനും ആരോഗ്യ സുരക്ഷാ സൗകര്യങ്ങള്‍ നടപ്പിലാക്കുന്നതിനുമുള്ള പോര്‍ട്ടലിനോടൊപ്പം മൊബൈല്‍ ആപ്ലിക്കേഷനും കൊണ്ടു വരും.