കണ്ണൂർ : മുട്ടിൽ മരംമുറിക്കൽ കേസിലെ മുഖ്യപ്രതി റോജി അഗസ്റ്റിനെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. മാനന്തവാടി ജില്ല ജയിൽ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് നടപടി. നേരത്തെ ജയിലിൽ ചോദ്യം ചെയ്യാനെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരെയും അഗസ്റ്റിൻ സഹോദരങ്ങൾ ഭീഷണിപ്പെടുത്തിയിരുന്നു.
ജയിലിനുള്ളിൽ അച്ചടക്ക ലംഘനമുണ്ടായെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് റോജി അഗസ്റ്റിനെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റാൻ ബത്തേരി കോടതി അനുമതി നൽകിയത്. റോജിയുടെ സഹോദരൻ ആന്റോ അഗസ്റ്റിൻ മാനന്തവാടി ജില്ല ജയിലിൽ തുടരും.
കേസിലെ മറ്റ് പ്രതികളായ ജോസ്‌കുട്ടി അഗസ്റ്റിൻ, ഡ്രൈവർ വിനീഷ് എന്നിവർക്ക് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. മീനങ്ങാടി, മേപ്പാടി പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളിൽ കൂടി ജാമ്യം കിട്ടിയാൽ മാത്രമേറോജി അഗസ്റ്റിനും ആന്റോ അഗസ്റ്റിനും പുറത്തിറങ്ങാനാകൂ.