കാലിഫോർണിയ : ഭീഷണിപ്പെടുത്തുന്നതും ഉപദ്രവകരവുമായ ഉള്ളടക്കങ്ങളുടെ പ്രചാരം സംബന്ധിച്ച കണക്കുകൾ ആദ്യമായി ഫെയ്സ്ബുക്ക് പുറത്തുവിട്ടു. ഈ വർഷം മൂന്നാം പാദത്തിൽ സൈറ്റിലുണ്ടായ ഓരോ 10,000 വ്യൂസിലും 14 ഉം 15 ഉം തവണയാണ് ഇത്തരം ഉള്ളടക്കങ്ങൾ കാണുന്നത് എന്ന് ഫെയ്സ്ബുക്ക് പറയുന്നു. ഇൻസ്റ്റാഗ്രാമിൽ ഇത് 10000 ൽ അഞ്ചും ആറും തവണയാണെന്നും മെറ്റായുടെ ത്രൈമാസ കണ്ടന്റ് മോഡറേഷൻ റിപ്പോർട്ടിൽ പറയുന്നു. 92 ലക്ഷം ഉള്ളടക്കങ്ങൾ ഫെയ്സ്ബുക്കിന്റെ ബുള്ളിയിങ്, ഹരാസ്മെന്റ് നിയമത്തിന് കീഴിൽ നീക്കം ചെയ്തിട്ടുണ്ടെന്നും ഫെയ്സ്ബുക്ക് പറഞ്ഞു.
വിസിൽ ബ്ലോവറായ ഫ്രാൻസിസ് ഹൂഗന്റെ വെളിപ്പെടുത്തൽ സൃഷ്ടിച്ച വിവാദങ്ങൾക്കിടെയാണ് ഈ കണക്കുകൾ പുറത്തുവരുന്നത്. കൗമാരക്കാരുടെയും പെൺകുട്ടികളുടേയും മാനസികാരോഗ്യത്തെ ഇൻസ്റ്റാഗ്രാമിലെ ഉള്ളടക്കങ്ങൾ സാരമായി ബാധിക്കുന്നുണ്ടെന്ന് ഹൂഗൻ വെളിപ്പെടുത്തിയിരുന്നു. ഫെയ്സ്ബുക്കിന്റെ തന്നെ ഗവേഷണ റിപ്പോർട്ടിലെ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് ഹൂഗന്റെ വെളിപ്പെടുത്തൽ. ഉപഭോക്താവിന്റെ സുരക്ഷയേക്കാളും ലാഭത്തിനാണ് കമ്പനി പ്രാധാന്യം നൽകുന്നത് എന്നാണ് ഹൂഗൻ പറയുന്നത്. വാൾസ്ട്രീറ്റ് ജേണലാണ് ഹൂഗൻ പുറത്തുവിട്ട രേഖകൾ ആദ്യം റിപ്പോർട്ട് ചെയ്തത്.