പത്തനംതിട്ട : ജില്ലാ പഞ്ചായത്തിന്റെയും കേരള നോളജ് ഇക്കോണമി മിഷന്റെയും സംയുക്താഭിമുഖ്യത്തിൽ തൊഴിലന്വേഷകർക്കായി നടത്തുന്ന ത്രിദിന വ്യക്തിത്വ വികസന പരിശീലനം തുടങ്ങി. കോന്നി സിവിൽ സ്റ്റേഷനിലെ ജോബ് സ്റ്റേഷനിലാണ് പരിശീലനം നടക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം ഉദ്ഘാടനം ചെയ്തു. വിജ്ഞാന പത്തനംതിട്ട ജില്ലാ മിഷൻ കോഡിനേറ്റർ ബി.ഹരികുമാർ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി, കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ എസ്. ആദില, ജില്ലാ ആസൂത്രണ കമ്മിഷൻ ഉപാധ്യക്ഷൻ ആർ. അജിത്കുമാർ തുടങ്ങിയവർ പങ്കെടുത്തു.
ജോബ് ഫെയറുകളിൽ മികച്ചവിജയം നേടുന്നതിന് ജില്ലയിലെ ഉദ്യോഗാർഥികളെ പ്രാപ്തരാക്കുന്നതിനാണ് പരിശീലനം. തുടർന്ന് ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ ജോബ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് പരിശീലന പരിപാടി നടക്കും. ആശയവിനിമയം, നേതൃത്വപാടവം, വ്യക്തിബന്ധങ്ങൾ മെച്ചപ്പെടുത്തൽ, ടൈം മാനേജ്‌മന്റ്, കരിയർ വികസനം തുടങ്ങിയ വിവിധങ്ങളായ വിഷയങ്ങളിൽ അന്താരാഷ്‌ട്ര നിലവാരമുള്ള പരിശീലകരാണ് ക്ലാസ് നൽകുന്നത്. പൂർത്തീകരിക്കുന്നവർക്ക് കേരള സർക്കാർ അംഗീകാരമുള്ള സർട്ടിഫിക്കറ്റും നൽകും.