ആലുവ: മൂന്നു ദിവസം മുമ്പ് ആലുവയിൽ കാണാതായ യുവാവിന്റെ മൃതദേഹം പെരിയാർ നദിയിൽ കണ്ടെത്തി. മാള കൊച്ചു കടവ് സ്വദേശി അഫ്സൽ അൻസാറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സ്കൂബാ ടീം നടത്തിയ തിരച്ചിലിലാണ് രാവിലെ പെരിയാറിൽ നിന്നും കണ്ടെത്തിയത്. ആഗസ്റ്റ് 23 ന് ഇയാളുടെ ബൈക്ക് മഹിളാലയം പാലത്തിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. സ്കൂബ ടീമിൻറെ സഹായത്തോടെ കഴിഞ്ഞ രണ്ടു ദിവസം തിരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്തിയിരുന്നില്ല. മറ്റൊരാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. അങ്കമാലി സ്വദേശി 40 വയസുള്ള ശ്രീജിത്തിന്റെ മൃതദേഹമാണ് അലുവ മഹിളാലയം പാലത്തിനടുത്തുള്ള പുഴയിൽ നിന്നും കണ്ടെത്തിയത്. അങ്കമാലിയിലെ സ്വകാര്യ കമ്പനിയിൽ ഡ്രൈവറാണ് ശ്രീജിത്ത്. തിങ്കളാഴ്ച രാവിലെയാണ് പാലത്തിൽ നിന്നും ഒരാൾ താഴേക്ക് വീണതായി പോലീസിന് വിവരം ലഭിച്ചത്.
അഫ്സലിൻ്റെ ബൈക്ക് പാലത്തിന് സമീപം കണ്ടെത്തിയിരുന്നു. തുടർന്ന് സ്‌കൂബാ ടീമിൻ്റെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്തിയില്ല. ചൊവ്വാഴ്ച പകൽ പുറപ്പിള്ളിക്കാവ് ബണ്ട് വരേയും പാതാളം ബണ്ട് വരെയും രണ്ട് ടീമായി തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടെയാണ് ആലുവ മഹിളാലയത്തിനു സമീപത്തു നിന്നും ശ്രീജിത്തിൻ്റെ മൃതദേഹം ലഭിച്ചത്. ശ്രീജിത്ത് എങ്ങനെ അപകടത്തിൽപ്പെട്ടു എന്ന കാര്യം പോലീസ് വിശദമായി അന്വേഷിക്കുകയാണ്.






























