തിരുവനന്തപുരം: സോളാർ പീഡനക്കേസിന് പിന്നിൽ ഗൂഢാലോചനയെന്ന സി.ബി.ഐ കണ്ടെത്തലിൽ അന്വേഷണ വേണമെന്ന നിലപാടിൽനിന്ന് പിന്നാക്കം പോകേണ്ടി വന്നത് യു.ഡി.എഫിന് രാഷ്ട്രീയമായി തിരിച്ചടിയായി. പ്രതിപക്ഷ ആവശ്യപ്രകാരം അന്വേഷണത്തിന് സി.ബി.ഐ വന്നാൽ അത് ചിലപ്പോൾ തിരിച്ചടിയാവുമെന്നാണ് യു.ഡി.എഫ് വിലയിരുത്തൽ. അതുകൊണ്ടാണ് രണ്ട് ദിവസം മുമ്പ് പറഞ്ഞതെല്ലാം പ്രതിപക്ഷത്തിന് വിഴുങ്ങേണ്ടി വന്നത്. മൂന്ന് ദിവസം മൂന്ന് നിലപാടാണ് യു.ഡി.എഫ് പറഞ്ഞത്. ഉമ്മൻചാണ്ടിക്കെതിരായ പരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് കണ്ടെത്തിയ സി.ബി.ഐ തന്നെ ഗൂഢാലോചനയും അന്വേഷിക്കണമെന്നായിരുന്നു നിയമസഭയിലെ പ്രതിപക്ഷ ആവശ്യം. പിറ്റേ ദിവസം കെ.പി.സി.സി യോഗത്തിലേക്ക് എത്തിയപ്പോൾ അൽപം വെള്ളം ചേർത്തു. സി.ബി.ഐ എന്ന വാക്ക് വിഴുങ്ങി സ്വതന്ത്ര ഏജൻസി അന്വേഷിക്കണമെന്നാക്കി. മണിക്കൂർ 24 കഴിഞ്ഞപ്പോഴേക്കും അതും മാറി. ഇനി അന്വേഷണമേ വേണ്ടന്നായി യു.ഡി.എഫ് തീരുമാനം.
മലക്കംമറിച്ചിലുകൾക്ക് പിന്നിൽ കാരണം മൂന്നെണ്ണമാണ്. അന്വേഷണം ആവശ്യപ്പെട്ട് കത്ത് നൽകിയാൽ സംസ്ഥാന സർക്കാർ അത് അംഗീകരിച്ച് രാഷ്ട്രീയമായി ഉപയോഗിക്കുമോയെന്ന ആശങ്ക. ഉമ്മൻചാണ്ടിയെ പിന്നിൽ നിന്ന് കുത്തിയത് അന്നത്തെ യു.ഡി.എഫുകാർ തന്നയെന്ന പഴി വീണ്ടും ഉയരാനുള്ള സാധ്യത. ഇനി സി.ബി.ഐ തന്നെ അന്വേഷിച്ചാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനപ്പെട്ട നേതാക്കളെ കേന്ദ്ര ഏജൻസി കുരുക്കുമോയെന്നതും യു.ഡി.എഫിനെ പിന്നോട്ട് വലിച്ചു. ഇങ്ങനെയാണെങ്കിലും അന്വേഷണം വേണമെന്ന നിയമസഭയിലെ പ്രതിപക്ഷ ആവശ്യം സർക്കാർ എടുത്ത് ഉപയോഗിക്കാനുള്ള സാധ്യതയും തള്ളാനാവില്ല.