ദൗസ: വിവാഹം കഴിച്ച ശേഷം വരന്‍മാരെ കൊള്ളയടിച്ച് മുങ്ങുന്ന വിവാഹ തട്ടിപ്പുകാരി പോലീസ് പിടിയില്‍. നഴ്സിംഗ് വിദ്യാര്‍ഥിനിയായ സോണിയ എന്ന നിഷയെ ഹരിയാനയിലെ യമുനാനഗറിൽ നിന്ന് രാജസ്ഥാൻ പോലീസ് അറസ്റ്റ് ചെയ്തു. വിവാഹത്തിനു ശേഷം നിഷ ആഭരണങ്ങളും പണവുമായി ഒരാഴ്ചയ്ക്കുള്ളിൽ അപ്രത്യക്ഷമാകുകയാണ് പതിവെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. രാജസ്ഥാനിലെ ഭിൽവാര, ദൗസ, ഹരിയാനയിലെ പാനിപ്പത്ത് എന്നിവിടങ്ങളിൽ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ മൂന്നു യുവാക്കളെ ഇത്തരത്തില്‍ നിഷ കബളിപ്പിച്ചിട്ടുണ്ട്.
ജൂണ്‍ 11ന് ഒരു ബ്രോക്കര്‍ വഴിയാണ് ദൗസയിലുള്ള യുവാവിനെ വിവാഹം കഴിക്കുന്നത്. പിന്നീട് കുടുംബത്തെ സന്ദർശിക്കണമെന്ന് പറഞ്ഞ് നിഷ സ്വർണവും പണവുമായി അപ്രത്യക്ഷയാവുകയായിരുന്നു. തിരിച്ചുവരാൻ ആവശ്യപ്പെട്ടപ്പോൾ പല കാരണങ്ങൾ പറഞ്ഞ് കൂടുതൽ പണം നൽകണമെന്ന് നിഷ വരനോട് ആവശ്യപ്പെട്ടു. സംശയം തോന്നിയതിനെ തുടർന്ന് യുവാവ് യുവതിക്കെതിരെ പോലീസിൽ പരാതി നൽകുകയും പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു.