ബംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം മൂന്ന് നൈജീരിയക്കാരെ 2.8 കിലോഗ്രാം സിന്തറ്റിക് മയക്കുമരുന്നുമായി പിടികൂടിയതായി ബംഗളൂരു റൂറൽ പോലീസ് സൂപ്രണ്ട് സി.കെ ബാബ തിങ്കളാഴ്ച വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഇവരിൽ നിന്ന് ഏകദേശം 400 കിലോഗ്രാം ഹൈഡ്രോ കഞ്ചാവും കണ്ടെടുത്തു. പിടിച്ചെടുത്തവക്ക് ഏകദേശം നാലര കോടി രൂപ വില കണക്കാക്കുന്നു. വിദേശ പൗരന്മാർ മെഡിക്കൽ വിസയിലാണ് ഇന്ത്യയിലെത്തിയത്. കാലാവധി കഴിഞ്ഞിട്ടും ഇന്ത്യയിൽ തങ്ങിയിരുന്നതായി കണ്ടെത്തി. ഇവരുടെ സംശയാസ്പദ നീക്കങ്ങൾ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു.
നൈജീരിയൻ പൗരന്മാർ താമസിച്ച രാജാനുകുണ്ടെയിലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 2.8 കിലോ എംഡിഎംഎ, ഏകദേശം 400 കിലോ ഹൈഡ്രോ കഞ്ചാവ്, രണ്ട് ലക്ഷത്തിലധികം രൂപ, ഏഴ് മൊബൈൽ ഫോണുകൾ, പാക്കേജിംഗ് സാമഗ്രികൾ, തൂക്കു യന്ത്രം എന്നിവ പോലീസ് പിടിച്ചെടുത്തത്. ചികിത്സാ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി പ്രതികൾ 2024 ഡിസംബറിൽ ഡൽഹി വഴി ഇന്ത്യയിലേക്ക് കടന്നതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. പിന്നീട് തലസ്ഥാനത്തെ താമസം മതിയാക്കിയ അവർ ബംഗളൂരുവിലേക്ക് വന്നു. വസ്ത്രങ്ങൾ പാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന കാർഡ്‌ബോർഡ് ഷീറ്റുകൾക്കുള്ളിൽ അവർ മയക്കുമരുന്ന് ഒളിപ്പിച്ചുവെന്ന് ബാബ പറഞ്ഞു. മൂന്ന് പേർക്കെതിരെയും നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. വിശാലമായ വിതരണ ശൃംഖല കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണെന്ന് എസ്പി പറഞ്ഞു.