മുംബൈ: ലണ്ടനിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിൽ അഞ്ച് യാത്രക്കാർക്കും രണ്ട് ജീവനക്കാർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. എന്നാൽ വിമാനം സുരക്ഷിതമായിത്തന്നെ മുംബൈയിൽ ലാന്റ് ചെയ്തെന്നും ജീവനക്കാർക്കും യാത്രക്കാർക്കും വൈദ്യസഹായം നൽകിയെന്നും എയർ ഇന്ത്യ വക്താവ് അറിയിച്ചു. എയർ ഇന്ത്യയുടെ AI 130 വിമാനം ലണ്ടൻ ഹീത്രോയിൽ നിന്ന് മുംബൈയിലേക്ക് വരുന്നതിനിടെയാണ് യാത്രക്കാരിൽ ചിലർക്കും ഏതാനും ജീവനക്കാർക്കും തലകറക്കവും ഓക്കാനവും അനുഭവപ്പെട്ടത്. നേരത്തെ വിവരം കൈമാറിയതനുസരിച്ച് വിമാനം മുംബൈയിൽ സുരക്ഷിതമായി ഇറങ്ങിയ ഉടൻ വൈദ്യസംഘം സഹായം നൽകാൻ എത്തി. തുടർന്നും അസ്വസ്ഥതകൾ പ്രകടമായിരുന്ന രണ്ട് യാത്രക്കാരെയും രണ്ട് ജീവനക്കാരെയും കൂടുതൽ പരിശോധനകൾക്കായി മെഡിക്കൽ വിമാനത്താവളത്തിലെ റൂമിലേക്ക് മാറ്റി.
പിന്നീട് ഇവരെ ഡിസ്ചാർജ് ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിച്ചതായും എയർ ഇന്ത്യ വക്താവ് പറഞ്ഞു. അതേസമയം മറ്റൊരു സംഭവത്തിൽ ഡൽഹിയിൽ നിന്ന് ജമ്മു വഴി ശ്രീനഗറിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ജമ്മു വിമാനത്താവളത്തിൽ ലാന്റ് ചെയ്യാതെ തിരികെ പറന്നു. തിങ്കളാഴ്ച വൈകുന്നേരം പുറപ്പെട്ട ഐ.എക്സ് 2564 ആണ് ജമ്മുവിൽ ഇറങ്ങാതെ തിരികെ ഡൽഹിയിലേക്ക് തന്നെ മടങ്ങിയതെന്ന് അധികൃതർ അറിയിച്ചു. വിമാനത്തിലെ ജിപിഎസ് സിഗ്നലുകളിൽ തടസ്സം നേരിട്ടത് കാരണം മുൻകരുതലെന്ന നിലയ്ക്കാണ് വിമാനം തിരികെ പറന്നതെന്ന് കമ്പനി വക്താവ് പിന്നീട് അറിയിച്ചു.