കണ്ണൂർ: പാനൂരിൽ എംഡിഎംഎയും കഞ്ചാവുമടക്കം ലഹരി ഉൽപന്നങ്ങളുമായി മൂന്ന് പേർ പോലീസിൻ്റെ പിടിയിലായി. പാനൂരിനടുത്ത് ഈസ്റ്റ് വള്ള്യായിലാണ് സംഭവം. വീട് വാടകയ്ക്ക് എടുത്ത് താമസിച്ചിരുന്ന മൂന്ന് പേരാണ് പിടിയിലായത്. ഇല്ലത്ത് താഴയിലെ റനിൽ, സിറാജ്, ഷെയ്ബോൺ ഷാജി എന്നിവരാണ് പിടിയിലായത്. എന്നാൽ ഇവരിൽ നിന്ന് കണ്ടെത്തിയ ലഹരി വസ്തുക്കളുടെ അളവ് പോലീസ് പുറത്തുവിട്ടിട്ടില്ല. വാടക വീട്ടിൽ പാനൂർ പോലീസ് നടത്തിയ പരിശോധനയിലാണ് എംഡിഎംഎ, കഞ്ചാവ് എന്നിവ കണ്ടെത്തിയത്.
പ്രിൻസിപ്പൽ എസ്.ഐ സുഭാഷ് ബാബു, എസ്.ഐ ജയേഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്. പോലീസ് എത്തിയതറിഞ്ഞ് നാട്ടുകാരും വീടിന് മുന്നിൽ തടിച്ചുകൂടി. പ്രതികൾക്കെതിരെ നാട്ടുകാരുടെ പ്രതിഷേധവും ഉയർന്നു. പിടിയിലായ പ്രതി റനിലിനെതിരെ തലശേരി പോലീസും നേരത്തെ കഞ്ചാവ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇല്ലത്ത് താഴയിലെ വീട്ടിൽ പോലീസ് പരിശോധനക്ക് എത്തിയപ്പോൾ റനിൽ അന്ന് ഓടി രക്ഷപ്പെട്ടിരുന്നു. തലശേരി പോലീസ് അന്ന് നടത്തിയ പരിശോധനയിൽ കഞ്ചാവ് പിടികൂടിയിരുന്നു.