ചിറ്റാർ : ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്ന പെണ്‍കുട്ടിയുടെ പരാതിയെത്തുടർന്ന് പോക്സോ കേസിലടക്കം മൂന്നുപേര്‍ അറസ്റ്റില്‍. ചിറ്റാര്‍ സീതത്തോട് അള്ളുങ്കല്‍ ചരിവു കാലായില്‍ വീട്ടില്‍ മിഥുന് (19), സീതത്തോട് പള്ളിവാതുക്കല്‍ വീട്ടില്‍ സജു പി. ജോണ്‍ (34), സീതത്തോട് ഭയങ്കരാമുടി ദീപുഭവനം വീട്ടില്‍ പി.ഡി. ദിപിന് (23) എന്നിവരെയാണ് വ്യത്യസ്ത കേസുകളിലായി ചിറ്റാര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി പ്രായപൂര്‍ത്തിയാവുന്നതിനു മുമ്പുള്ള കാലയളവില്‍ ബലാത്സംഗം ചെയ്തതിനെടുത്ത ആദ്യകേസിലാണ് മിഥുന്റെ അറസ്റ്റ്.
ഫോണില്‍ വിളിച്ചുവരുത്തി പെണ്‍കുട്ടിയുടെ വീടിന് സമീപത്തുള്ള വീട്ടില്‍ വെച്ച് ഇയാള്‍ നിരന്തരം പീഡിപ്പിച്ചതായി പറയുന്നു. പെണ്‍കുട്ടി പ്രായപൂര്‍ത്തിയായതിനുശേഷം പീഡിപ്പിച്ച കേസിലാണ് സജു പി. ജോണ്‍, ദിപിന് എന്നിവര്‍ അറസ്റ്റിലായത്. പെണ്‍കുട്ടി പത്തനംതിട്ട വനിതാ പോലീസ് സ്റ്റേഷനില്‍ എത്തി വിവരം പറഞ്ഞതിനേത്തുടര്‍ന്ന് എസ്ഐ കെ.ആര്. ഷെമിമോള്‍ മൊഴി രേഖപ്പെടുത്തി ചിറ്റാര്‍ പോലീസിന് കൈമാറുകയായിരുന്നു.
തുടര്‍ന്ന് ചിറ്റാര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ബി. രാജഗോപാലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്. പ്രണയം നടിച്ച് അടുത്തുകൂടിയാണ് മൂവരും പെണ്‍കുട്ടിയെ ബലാത്സംഗത്തിനു വിധേയയാക്കിയതെന്ന് പോലീസ് പറഞ്ഞു.