അടൂർ : റവന്യൂടവറിലെ ലിഫ്റ്റ് തകരാറിലായതോടെ പട്ടയവിതരണവുമായി ബന്ധപ്പെട്ട യോഗത്തിൽ പങ്കെടുക്കാൻ പോയ ഏഴംകുളം പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ഉൾപ്പെടെ മൂന്നുപേർ കുടുങ്ങി. അഡ്വ. താജുദ്ദീനും മറ്റ് രണ്ടു പേരുമാണ് ലിഫ്റ്റിൽ കുടുങ്ങിയത്. ഒടുവിൽ ലിഫ്റ്റ് ഓപ്പറേറ്റർ എത്തി ലിഫ്റ്റിന്റെ തകരാർ പരിഹരിച്ചതോടെയാണ് ആളുകളെ ലിഫ്റ്റിൽ നിന്ന് ഇറക്കാനായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12-നാണ് സംഭവം. റവന്യൂടവറിലെ അഞ്ചാംനിലയിൽ പട്ടയവിതരണവുമായി ബന്ധപ്പെട്ട യോഗത്തിൽ പങ്കെടുക്കാനാണ് റവന്യൂടവറിന്റെ കോടതിയുടെ ഭാഗത്തെ ലിഫ്റ്റിൽ താജുദ്ദീൻ കയറിയത്.
നാലാം നിലയിൽ പോകുന്നതിനായി മറ്റ് രണ്ടുപേർ കൂടി ലിഫ്റ്റിൽ കയറി. മൂന്നാംനിലയിൽ എത്തിയപ്പോൾ ലിഫ്റ്റിന്റെ പ്രവർത്തനം നിലച്ചു. തുടർന്ന് വൈദ്യുതി ബന്ധവും നിലച്ചതായി താജുദ്ദീൻ പറഞ്ഞു. ഇതോടെ താജുദ്ദീൻ ടവറിൽത്തന്നെയുള്ള തന്റെ ഓഫീസിൽ വിളിച്ച് വിവരം പറഞ്ഞു. ഇതിനിടയിൽ താജുദ്ദീൻ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിനെയും ബന്ധപ്പെട്ടു. തുടർന്ന് വിവരമറിഞ്ഞ് എത്തിയ ലിഫ്റ്റ് ഓപ്പറേറ്റർ ലിഫ്റ്റിന്റെ തകരാർ പരിഹരിച്ചു. 15 മിനിറ്റോളം ലിഫ്റ്റിൽ കുടുങ്ങിയതായും തങ്ങൾ കയറും മുൻപ് സമാനരീതിയിൽ ലിഫ്റ്റ് ഒരുതവണ തകരാറിലായതായും താജുദ്ദീൻ പറഞ്ഞു.