തിരുവനന്തപുരം : തലസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ എക്സൈസ് നടത്തിയ പരിശോധനയിൽ മൂന്ന് പേർ അറസ്റ്റിൽ. ചാരായവിൽപ്പനയുടെ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ആര്യനാട് നിന്നും 9.25 ലിറ്റർ ചാരായവുമായി രണ്ട് പേരെ എക്സൈസ് പിടികൂടി. മൈലം സ്വദേശി വാമദേവൻ, പുനലാൽ സ്വദേശി മനോഹരൻ എന്നിവരാണ് പിടിയിലായത്. ആര്യനാട് എക്സൈസ് ഇൻസ്പെക്ടർ കുമാർ എസ് ൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ചാരായം കൊണ്ട് നടന്ന് വിൽപ്പന നടത്താൻ ഉപയോഗിച്ചിരുന്ന സ്കൂട്ടറും എക്സൈസ് കസ്റ്റഡിയിൽ എടുത്തു.
കേസ് എടുക്കുന്നതിനിടയിൽ പ്രതികൾ എക്സൈസ് സംഘത്തെ വെട്ടുകത്തി കൊണ്ട് ആക്രമിക്കുകയും ആക്രമണത്തിൽ സംഘത്തിലുണ്ടായിരുന്ന സിവിൽ എക്സൈസ് ഓഫീസർ ജിഷ്ണുവിനും പ്രിവൻ്റീവ് ഓഫീസർ(ഗ്രേഡ്) ശ്രീകാന്തിനും പരിക്ക് ഏൽക്കുകയും ചെയ്തു. പള്ളിപ്പുറത്ത് നടത്തിയ പരിശോധനയിൽ ഓട്ടോറിക്ഷയിൽ വിൽപ്പനയ്ക്കായി കടത്തിക്കൊണ്ടുവന്ന 50 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി മഹേഷ് എന്നയാളെയും അറസ്റ്റ് ചെയ്തു. കഴക്കൂട്ടം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സഹീർഷാ ബിയുടെ നേതൃത്വത്തിലാണ് കേസെടുത്തത്.