കൊച്ചി : കേരളം ആവേശത്തോടെ കാത്തിരുന്ന തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫിന്റെ ഉമ തോമസ് ചരിത്ര വിജയത്തിലേക്ക്. ഒടുവില്‍ റിപ്പാേര്‍ട്ട് കിട്ടുമ്പോള്‍ പതിനെഴായിരത്തിലധികം വോട്ടുകള്‍ക്ക് ഉമ മുന്നിലാണ്. എട്ട് റൗണ്ടുകളാണ് ഇതുവരെ എണ്ണിയത്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ മുതല്‍ ഓരോ ഘട്ടത്തിലും ലീഡ് ഉയര്‍ത്തിക്കൊണ്ടുള്ള ഉമാ തോമസിന്റെ കുതിപ്പ് യു ഡി എഫ് പ്രതീക്ഷകളേപ്പോലും മറികടക്കുകയായിരുന്നു. ആദ്യത്തെ മൂന്ന് റൗണ്ടുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ തന്നെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പി.ടി തോമസ് നേടിയതിന്റെ ഇരട്ടിയോളം ലീഡാണ് ഉമ നേടിയത്.
തുടക്കത്തില്‍ യു ഡി എഫ് ശക്തികേന്ദ്രങ്ങളിലെ വോട്ടുകളാണ് എണ്ണിയത്. ഇതുകഴിയുമ്പോള്‍ തങ്ങള്‍ മുന്നോട്ടുവരും എന്നായിരുന്നു എല്‍ ഡി എഫ് കണക്കുകൂട്ടല്‍. എന്നാല്‍ ഒരു ബൂത്തില്‍പ്പോലും എല്‍ ഡി എഫിന് ലീഡ് നേടാനായില്ല. ബിജെപിക്കും പ്രതീക്ഷിച്ചത്ര വോട്ടുകള്‍ നേടാനായില്ല. ലീഡ് നില ഉയര്‍ന്നത് യു ഡി എഫ് ക്യാമ്പില്‍ ആവേശം വിതച്ചിട്ടുണ്ട്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ഇപ്പോള്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തുന്നുണ്ട്. നൂറുകണക്കിന് പ്രവര്‍ത്തകരാണ് പ്രകടനങ്ങളില്‍ പങ്കെടുക്കുന്നത്. കെ.വി തോമസിനെതിരെയും അവര്‍ മുദ്രാവാക്യം മുഴക്കുന്നുണ്ട്.
രാവിലെ എട്ടുമണിയോടെയാണ് വോട്ടെണ്ണല്‍ തുടങ്ങിയത്. 21 ടേബിളുകളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. മുഴുവന്‍ വോട്ടുകളും എണ്ണിത്തീരാന്‍ 12 റൗണ്ട് വേണ്ടിവരും. ഒരു റൗണ്ടില്‍ 21 ബൂത്തുകളാണ് എണ്ണുന്നത്. ആദ്യ റൗണ്ടില്‍ ഒന്നു മുതല്‍ 15 വരെ ബൂത്തുകളിലെ വോട്ടുകളാണ് എണ്ണിയത്. തുടര്‍ന്ന് മറ്റു ബൂത്തുകളിലേതും. ആദ്യത്തെ 11 റൗണ്ടുകളില്‍ 21 ബൂത്തുകള്‍ വീതവും, അവസാന റൗണ്ടില്‍ എട്ടു ബൂത്തുകളും എണ്ണും. 239 ബൂത്തുകളാണുള്ളത്.