കാക്കനാട് : രണ്ടാം ദിവസവും രണ്ട് സെക്രട്ടറിമാര്‍ അണിനിരന്നപ്പോള്‍ നാടകീയത അവസാനിക്കാതെ തൃക്കാക്കര നഗരസഭ. ഒറിജിനല്‍ മുനിസിപ്പല്‍ സെക്രട്ടറി ആരെന്ന കാര്യത്തില്‍ നഗരസഭ ഭരണസമിതി തീരുമാനമെടുത്തെങ്കിലും ഇത് വിലപ്പോകില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍ നിയോഗിച്ച പുതിയ സെക്രട്ടറി ബി. അനില്‍കുമാര്‍.
അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിന്റെ അന്തിമ ഉത്തരവ് വരുംവരെ അധ്യക്ഷയുടെയും ഭരണ സമിതിയുടെയും ആശീര്‍വാദത്തോടെ സ്ഥാനം നിലനിര്‍ത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് നേരത്തേ മുതലുള്ള സെക്രട്ടറി എന്‍.കെ. കൃഷ്ണകുമാര്‍. മാസങ്ങളായി തുടരുന്ന രാഷ്ട്രീയ നാടകങ്ങള്‍ക്ക് പിന്നാലെ ഉദ്യോഗസ്ഥര്‍ തമ്മിലുള്ള തല്ല്കൂടി വന്നതോടെ വീണ്ടും വിവാദക്കയത്തിലാണ് തൃക്കാക്കര നഗരസഭ.
ചൊവ്വാഴ്ചയാണ് തൃക്കാക്കരയില്‍ അധികാര വടംവലി ആരംഭിച്ചത്. സിനിമാകഥയെ വെല്ലും വിധം രണ്ട് സെക്രട്ടറിമാരും ഔദ്യോഗിക കാബിനില്‍ മുഖാമുഖം ഇരുന്നു. താനാണ് യഥാര്‍ത്ഥ സെക്രട്ടറി എന്ന് ഇരുവരും വാദിച്ചതോടെ മറ്റു ജീവനക്കാരും കൗണ്‍സിലര്‍മാരും വെട്ടിലായി. ഫയലുകള്‍ ആരെക്കൊണ്ട് ഒപ്പിടീക്കണം എന്ന ആശയക്കുഴപ്പത്തിലായി ഇവര്‍.
തുടര്‍ന്ന് ബുധനാഴ്ച ഭരണസമിതി നിലപാട് വ്യക്തമാക്കി. നിയമോപദേശം ലഭിച്ച പശ്ചാത്തലത്തില്‍ നഗരസഭ അധ്യക്ഷ അജിത തങ്കപ്പന് വേണ്ടി മുനിസിപ്പാലിറ്റി സൂപ്രണ്ട് തയാറാക്കിയ കത്തില്‍ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിെന്റ അന്തിമ വിധിയോ മറ്റൊരു സര്‍ക്കാര്‍ ഉത്തരവോ വരും വരെ സെക്രട്ടറിയുടെ സകല അധികാരങ്ങളും കൃഷ്ണകുമാറിന് നല്‍കാനാണ് തീരുമാനം. മുഴുവന്‍ കൗണ്‍സിലര്‍മാര്‍ക്കും ജീവനക്കാര്‍ക്കും ഇതേ നിര്‍ദേശം നല്കി. അതേ സമയം ഈ കത്തിന് നിയമസാധുത ഇല്ലെന്നും തനിക്ക് ബാധകമാകില്ലെന്നുമാണ് അനില്‍കുമാറിെന്റ വാദം.
ബുധനാഴ്ച കൃഷ്ണകുമാര്‍ സെക്രട്ടറിയുടെ കാബിനിലും അനില്‍ കുമാര്‍ സൂപ്രണ്ടിെന്റ കാബിനിലും ഇരുന്നതിനാല്‍ തര്‍ക്കങ്ങളും ആക്ഷേപങ്ങളും ഒഴിവായി. അതേസമയം ഒരാള്‍ ഒപ്പിട്ട ഫയല്‍ മറ്റേയാള്‍ റദ്ദാക്കാന്‍ സാധ്യത ഉള്ളതിനാല്‍ ഇരുവര്‍ക്കും ഫയലുകള്‍ ഒപ്പിടാന്‍ നല്‍കിയില്ല എന്നാണ് വിവരം.