തൃശൂര്‍: വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കല്‍ ക്യാമ്പയിനുമായി തൃശൂര്‍ അതിരൂപത രംഗത്ത്. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കല്‍ പ്രവര്‍ത്തനങ്ങളിലേക്കിറങ്ങാന്‍ അതിരൂപതാ രാഷ്ട്രീയകാര്യസമിതി ആഹ്വാനം ചെയ്തു. സി.ബി.സി.ഐ പ്രസിഡന്റും തൃശൂര്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പുമായ മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ സര്‍ക്കുലര്‍ ഇടവകകളില്‍ വായിച്ചു. സെപ്റ്റംബര്‍ 10,17 തീയതികളില്‍ എല്ലാ ഇടവകകളിലും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള പ്രത്യേക ഏകദിന ക്യാമ്പുകള്‍ സംഘടിപ്പിക്കും. ഇക്കാര്യങ്ങള്‍ വിശദീകരിച്ച് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഇറക്കിയ സര്‍ക്കുലര്‍ ആണ് ഇന്ന് കുര്‍ബാന മധ്യേ പള്ളികളില്‍ വായിച്ചത്.
മതനിരപേക്ഷതയും ജനാധിപത്യമൂല്യങ്ങളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെല്ലുവിളികള്‍ നേരിടുന്നത് ആശങ്കയുണ്ടാക്കുന്നുവെന്നുവെന്ന് സര്‍ക്കുലര്‍ ഓര്‍മ്മിപ്പിക്കുന്നു. മതന്യൂനപക്ഷങ്ങളിലും, ദളിത് ജനവിഭാഗങ്ങളിലും കടുത്ത അരക്ഷിതത്വബോധമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പുകളെ നിസാരവല്‍ക്കരിക്കുന്നതും വോട്ടവകാശം വിനിയോഗിക്കാതിരിക്കുന്നതും ജനാധിപത്യ സംസ്‌കാരത്തിന് ഭൂഷണമല്ല എന്നും അതിരൂപത പറയുന്നു.