തൃശൂര്‍: എസ്‌ഐയെ സിഐ കള്ളക്കേസില്‍ കുടുക്കിയ കേസില്‍ വഴിത്തിരിവായി പരിശോധനാ റിപ്പോര്‍ട്ട് പുറത്ത് വന്നു. എസ്.ഐ. ആമോദിനെ സി ഐ കള്ളക്കേസില്‍ കുടുക്കിയതാണെന്നതിന് തെളിവായ രക്ത പരിശോധന ഫലമാണ് പുറത്ത് വന്നത്. എസ്.ഐ മദ്യപിച്ചിട്ടില്ലെന്ന് രക്തപരിശോധന ഫലത്തില്‍ നിന്നും വ്യക്തമായി. പൊതുസ്ഥലത്ത് മദ്യപിച്ചെന്ന് കാണിച്ചാണ് എസ്.ഐയെ അറസ്റ്റ് ചെയ്തത്. എന്നാല്‍ പരിശോധനയില്‍ എസ്. ഐയുടെ ശരീത്തില്‍ മദ്യത്തിന്റെ അംശമില്ലെന്ന് കണ്ടെത്തുകയായിരുന്നു. സിറ്റി ക്രൈംബ്രാഞ്ച് എസ്‌ഐ ടി.ആര്‍ ആമോദിനെ പൊതു സ്ഥലത്ത് മദ്യപിച്ചെന്നാരോപിച്ച് കഴിഞ്ഞ ജൂണ്‍ മുപ്പതിന് നെടുപുഴ സിഐ അറസ്റ്റ് ചെയ്ത സംഭവത്തിലാണ് രക്ത പരിശോധനാ ഫലം പുറത്തുവന്നിരിക്കുന്നത്.
എസ്‌ഐയുടെ ശരിരത്തില്‍ മദ്യത്തിന്റെ അംശമില്ലെന്നാണ് പരിശോധനാ ഫലം. ജൂണ്‍ മുപ്പതിനായിരുന്നു സംഭവം. അവധിയിലായിരുന്ന സിറ്റി ക്രൈംബ്രാഞ്ച് എസ്‌ഐ ടി.ആര്‍. ആമോദ് സാധനങ്ങള്‍ വാങ്ങാനിറങ്ങിയപ്പോഴാണ് നെടുപുഴ സിഐ ടി.ജി. ദിലീപും മറ്റൊരു പോലീസുകാരനും പിടികൂടിയത്. തൊട്ടടുത്ത മരക്കമ്പനിയിയില്‍ നിന്ന് കണ്ടെത്തിയ പാതി ഒഴിഞ്ഞ മദ്യക്കുപ്പി ആമോദിന്റേതാണെന്നും വാദിച്ചു. ആമോദിനെ ജില്ലാ ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്തിച്ചെങ്കിലും പ്രാഥമിക പരിശോധനയില്‍ മദ്യപിച്ചതായി കണ്ടെത്തിയില്ല. പിന്നാലെയാണ് രക്ത പരിശോധന നടത്തിയത്. പരിശോധനാ ഫലം വന്നിട്ടും ആമോദിനെ സര്‍വ്വീസില്‍ തിരിച്ചെടുക്കാനുള്ള നടപടികളാരംഭിച്ചിട്ടില്ല. നേരത്തെ തന്നെ ഇത് കള്ളക്കേസാണെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.