തൃശ്ശൂർ : തൃശ്ശൂർ പൂരം വെടിക്കെട്ട് പ്രതിസന്ധിയിൽ. കേന്ദ്രമന്ത്രി പിയൂഷ് ഗോയലിനെ ദേവസ്വങ്ങൾ നേരിൽ കണ്ട് അഭ്യർഥിച്ചിട്ടും അനുകൂല മറുപടിലഭിച്ചില്ല. പൂരം വെടിക്കെട്ടിന് അനുമതി ലഭിക്കാത്തതിൽ ആശങ്കയുണ്ടെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് പറഞ്ഞു. മെയ് ആറിനാണ് ഇത്തവണ തൃശ്ശൂർ പൂരം. എന്നാൽ പൂരം വെടിക്കെട്ട് ഇതുവരെയും അനുമതി ലഭിച്ചിട്ടില്ല. വെടിക്കെട്ട് പ്രതിസന്ധിയിലാകുമോ എന്ന ആശങ്കയിലാണ് ദേവസ്വങ്ങൾ. വെടിക്കെട്ട് അനുമതി ലഭിക്കുന്നതിന് തടസ്സമായി നിൽക്കുന്നത് കേന്ദ്ര നിയമമാണ്. കേന്ദ്ര മന്ത്രി പിയൂഷ് ഗോയലിനെ കണ്ട് കാര്യം ധരിപ്പിച്ചു. അനുകൂല മറുപടിയല്ല ലഭിച്ചതെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി പറഞ്ഞു.
വെടിക്കെട്ട് പുരയിൽ നിന്നും വെടിക്കെട്ട് നടത്തുന്ന സ്ഥലവും തമ്മിൽ 200 ദൂരം വേണം എന്നുള്ളതാണ് പ്രധാന നിബന്ധന. ഫയർ ലൈനിൽ നിന്നും 100 മീറ്റർ മാറിവേണം ആളുകൾ നിൽക്കാൻ , 250 മീറ്റർ പരിധിയിൽ സ്കൂളുകളോ പെട്രോൾ പമ്പോ പാടില്ല. ഈ നിയമങ്ങൾ പൂർണമായും പാലിച്ചുകൊണ്ട് വെടിക്കെട്ട് നടത്തുക ബുദ്ധിമുട്ടാണ്. പാറമേക്കാവ് തിരുവമ്പാടി വേലകൾക്ക് ഈ നിയമങ്ങൾ പറഞ്ഞുകൊണ്ട് അനുമതി നിഷേധിച്ചിരുന്നു. ഹൈക്കോടതിയെ സമീപിച്ചാണ് ദേവസ്വങ്ങൾ വെടിക്കെട്ട് നടത്തിയത്. കേന്ദ്രത്തിൽ നിന്നും അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം.