തൃശ്ശൂര്‍: ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള മൃഗശാല തൃശ്ശൂരിനടുത്തുള്ള പുത്തൂര്‍ വനമേഖലയിലേക്ക് മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. രണ്ട് പതിറ്റാണ്ടു മുന്‍പ് വിഭാവനം ചെയ്ത ഈ പദ്ധതിക്ക് 360 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. കിഫ്ബിയില്‍ നിന്നും 269.75 കോടി രൂപയും ബാക്കി സംസ്ഥാന വിഹിതവുമായി സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. മൂന്ന് ഘട്ടങ്ങളിലായി അതിവേഗം നിര്‍മ്മാണപ്രവര്‍ത്തികള്‍ നടത്താനാണ് നീക്കം. 2020 അവസാനത്തോടെ തൃശ്ശൂര്‍ പദ്ധതി പൂര്‍ത്തിയാക്കി പ്രവര്‍ത്തനം തുടങ്ങുകയാണ് ലക്ഷ്യം.
338 ഏക്കര്‍ വനഭൂമിയില്‍ വന്യജീവികളെ പരിപാലിക്കുന്നതിനായി വിശാലമായ 23 വാസസ്ഥലങ്ങള്‍, പാര്‍ക്കിങ് സൗകര്യം, സന്ദര്‍ശകര്‍ക്കുള്ള അടിസ്ഥാന സൗകര്യം, സൂ, ഹോസ്പിറ്റല്‍ സമുച്ചയം എന്നിവ ഉള്‍പ്പെടുന്നതാണ് പുത്തൂരിലെ സൂവോളജിക്കല്‍ പാര്‍ക്ക്. പൂര്‍ണ്ണമായും ആധുനിക സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി രൂപകല്‍പന ചെയ്ത ഇന്ത്യയിലെ ആദ്യത്തെ സൂവോളജിക്കല്‍ പാര്‍ക്കായിരിക്കും ഇതെന്ന് അധികൃതര്‍.
2018 ഫെബ്രുവരിയില്‍ ആരംഭിച്ച് ഒന്നാംഘട്ടത്തില്‍ പക്ഷിക്കൂട്, കരിങ്കുരങ്ങ്, സിംഹവാലന്‍ കുരങ്ങ്, കാട്ടുപോത്ത് എന്നീ നാലിനം കൂടുകളുടെ നിര്‍മ്മാണം 80 ശതമാനം പൂര്‍ത്തീകരിച്ചു. ഈ പ്രവൃത്തികള്‍ക്കായി 20 കോടി രൂപ ഇതിനകം ചിലവഴിച്ചു. തൃശ്ശൂര്‍ മൃഗശാലയിലെ നിലവിലുള്ള മൃഗങ്ങളെ 2020 ഡിസംബര്‍ മാസത്തോടെ മാറ്റി പാര്‍പ്പിക്കുവാന്‍ കഴിയുന്ന വിധത്തിലാണ് പ്രവര്‍ത്തികള്‍ നടത്തുന്നത്. ഇതിനായുള്ള മൃഗശാല ആശുപത്രി സമുച്ചയത്തിന്റെ നിര്‍മ്മാണം കെ പി എച്ച് സി സിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.